കോപ്പന്‍ ഹേഗന്‍: ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ശ്രദ്ധിക്കുക. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ 1.2 ശതമാനത്തിനും സ്തനാര്‍ബുദം വരാന്‍ സാധ്യതയുണ്ട്. സ്ത്രീകളില്‍ വളരെ സാധാരണമാണ് സ്തനാര്‍ബുദം. ഓരോ ഒരു ലക്ഷം പേരിലും 25.8 എന്നതാണ് സ്തനാര്‍ബുദ നിരക്ക്. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ അര്‍ബുദ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
ഇന്ത്യയില്‍ 2020 ഓടെ സ്തനാര്‍ബുദം ബാധിച്ചവരുടെ എണ്ണം 17,97,900 ആകും എന്നാണു കരുതുന്നത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളില്‍ സ്തനാര്‍ബുദ ബാധിതരുടെ എണ്ണം കൂടുതലാണ്. 2015 – 16 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ അനുസരിച്ച് ഇന്ത്യയിലെ മൂന്നു ശതമാനം സ്ത്രീകളും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരാണ്.
1.8 ദശലക്ഷം സ്ത്രീകളെ തുടര്‍ പഠനത്തിനു വിധേയരാക്കിയപ്പോള്‍ 11 വര്‍ഷം കൊണ്ട് 11,517 പേര്‍ക്ക് സ്തനാര്‍ബുദം ബാധിച്ചതായി കണ്ടു. ഹോര്‍മോണ്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം നിര്‍ത്തിയവരിലും സ്തനാര്‍ബുദ സാധ്യത കൂടുതല്‍ തന്നെ എന്നും അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ ഗുളികകള്‍ ഉപയോഗിച്ചവരില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാത്തവരെ അപേക്ഷിച്ച് രോഗസാധ്യത കൂടും എന്നും പഠനത്തില്‍ പറയുന്നു. ഗുളികകള്‍ കുത്തിവയ്ക്കാവുന്ന മരുന്നുകള്‍, മോണിങ് ആഫ്റ്റര്‍ പില്‍സ്, ഇന്‍ട്രാ യൂറിന്‍ ഡിവൈസുകള്‍ ഇവയെല്ലാം ഹോര്‍മോണ്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഗണത്തില്‍പ്പെടുന്നു.
ഹോര്‍മോണ്‍ കോണ്‍ട്രാസെപ്റ്റീവുകളും സ്തനാര്‍ബുദ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡെന്‍മാര്‍ക്കിലെ 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണു പഠനം നടത്തിയത്. അര്‍ബുദം ബാധിക്കാത്ത വന്ധ്യതാ ചികിത്സയ്ക്ക് വിധേയരാകാത്ത മുഴുവന്‍ സ്ത്രീകളെയും പഠന വിധേയരാക്കി. ഗര്‍ഭനിരോധനത്തിനായി ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് അടുത്തകാലത്ത് ഈ ഗുളികകള്‍ കഴിച്ചവരില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടു. കൂടുതല്‍ കാലം ഈ ഗുളിക കഴിച്ചവരില്‍ രോഗസാധ്യതയും വളരെ കൂടുതലാണെന്നും ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
Post Your Comments