ന്യൂഡല്‍ഹി : വായ്പ നല്‍കണോയെന്ന് ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ തീരുമാനിച്ചിരുന്നകാലം കഴിയുന്നു. സോഷ്യല്‍ മീഡിയയും മൊബൈല്‍ ആപ്പുകളുമാകും ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍, ഗൂഗിള്‍ മാപ്പ്, ഉബര്‍ കാബ് പെയ്‌മെന്റ്‌സ് ഇതിനൊക്കെപുറമെ വൈദ്യുതി ബില്‍ അടച്ച റെക്കോഡുകള്‍വരെ പരിശോധിച്ചായിരിക്കും ബാങ്കുകള്‍ ഇനി വായ്പ അനുവദിക്കുക.
ലോണ്‍ നല്‍കുന്നതിനായി ബാങ്കുകള്‍ പരമ്പരാഗതമായി ക്രഡിറ്റ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോകളില്‍നിന്ന് ലഭിക്കുന്ന ക്രഡിറ്റ് സ്‌കോറാണ് പരിഗണിച്ചിരുന്നത്. അതില്‍നിന്നുമാറി വ്യക്തികളുടെ സ്വഭാവംകൂടി വിശകലനം ചെയ്താകും ഇനി വാഹന-ഭവന-വ്യക്തിഗത വായ്പകള്‍ അനുവദിക്കുക.
പ്രമുഖ സ്വകാര്യ ബാങ്കുകളായ കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നിവയും പൊതുമേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഈ വഴിതിരഞ്ഞെടുത്തുകഴിഞ്ഞു.
പണം നിക്ഷേപിക്കുന്നതിനും ചെലവ് ചെയ്യുന്നതിനും മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഇടപാടിന്റെ വിശദവിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. ആപ്പില്‍നിന്ന് ലഭിക്കുന്ന ഇടപാട് വിവരങ്ങള്‍ വായ്പനല്‍കുമ്പോള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
ഏതൊക്കെ പണമിടപാടുകള്‍ നിങ്ങള്‍ യഥാസമയം ചെയ്തു. ഏതൊക്കെ വൈകി, എത്ര തുക കൈമാറി, ബാങ്ക് നോട്ടീസുകള്‍ക്ക് നിങ്ങള്‍ മറുപടി നല്‍കിയോ തുടങ്ങിയവ പരിശോധിക്കാന്‍ ആപ്പിലൂടെ കഴിയും.
ആപ്പിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ താമസസ്ഥലവും ജോലിചെയ്യുന്ന ഇടവും അറിയാം. എത്രസമയം വീട്ടില്‍ ചെലവഴിക്കുന്നു, എത്രസമയം ജോലിചെയ്യുന്നു, എത്രത്തോളം യാത്രചെയ്യുന്നു തുടങ്ങിയ വിവരങ്ങളെല്ലാം 30 സെക്കന്‍ഡുകൊണ്ട് ലഭിക്കും.
ഇതിലൂടെ വായ്പ നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകുമെന്ന് ഗുപ്ത പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സാധ്യതകള്‍കൂടി ഉപയോഗിക്കാനാണ് ബാങ്കുകളുടെ ശ്രമം.
Post Your Comments