Latest NewsNewsGulf

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദിയില്‍ സിനിമാ തീയേറ്ററുകള്‍ വീണ്ടും യാഥാര്‍ത്ഥ്യമാകുന്നു

റിയാദ്: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദിയില്‍ സിനിമ തിയറ്ററുകള്‍ വീണ്ടും യാഥാര്‍ത്ഥ്യമാകുന്നു. സൗദിയില്‍ സിനിമാ തീയേറ്ററുകള്‍ക്ക് അനുമതി നല്‍കാനിരിക്കെ ആഹ്ലാദത്തിലാണ് സിനിമാ പ്രേമികള്‍. സമീപ കാലത്ത് സിനിമാ നിര്‍മാണം സൗദിയില്‍ നടക്കുന്നുണ്ടെങ്കിലും വലിയ സ്‌ക്രീനില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. അടുത്ത മാര്‍ച്ചില്‍ സിനിമതീയേറ്ററുകള്‍ സൗദിയില്‍ യാഥാര്‍ത്ഥ്യമാകും എന്നാണു പ്രതീക്ഷ.

അമേരിക്കക്കാരനായ അയ്മന്‍ ഹലവാനി നിര്‍മിച്ചു 2006ല്‍ പുറത്തിറങ്ങിയ ‘കൈഫല്‍ഹാല്‍’ ആണ് ആദ്യത്തെ സൗദി സിനിമ. യു.എ.ഇയില്‍ ചിത്രീകരിച്ച സിനിമ സംവിധാനം ചെയ്തത് പലസ്തീന്‍ കാരനായ ഇസിഡോര്‍ മുസല്ലം ആയിരുന്നു. സൗദികള്‍ ആയിരുന്നു അഭിനേതാക്കളില്‍ പലരും. എന്നാല്‍ പൂര്‍ണമായും സൗദിയില്‍ ചിത്രീകരിച്ച ആദ്യ സിനിമ 2012ല്‍ പുറത്തിറങ്ങിയ ‘വജ്ദ’ യാണ്. ഇത് എണ്‍പത്തിയാറാമത് അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശ ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

2015ല്‍ സംവിധായകന്‍ മഹ്മൂദ് സബ്ബാഗ് ജിദ്ദയില്‍ വെച്ച് ബറക യോഖബില്‍ ബറക എന്ന സിനിമ ചിത്രീകരിച്ചു. അറുപത്തിയാറാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. ശേഷം പല സിനിമകളും സൗദിയില്‍ പിറന്നു. എന്നാല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള തീയേറ്റര്‍ രാജ്യത്ത് ഉണ്ടായിരുന്നില്ല..

മിനി സ്‌ക്രീനുകളിലൂടെയാണ് രാജ്യത്ത് ജനങ്ങള്‍ സിനിമകള്‍ കണ്ടത്. എഴുപതുകളിലും എണ്‍പതുകളിലും സൗദിയില്‍ വലിയ സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ സിനിമകള്‍ ഉള്‍പ്പെടെ അവിടെ പ്രദര്‍ശിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നില്ല. മതകാര്യ വകുപ്പിന്റെ ഇടപെടല്‍ മൂലം എണ്‍പതുകളില്‍ സര്‍ക്കാര്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ നിര്‍ത്തി വെച്ചു. ഈ തീരുമാനമാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

സൗദി സാംസ്‌കാരിക വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം അടുത്ത മാര്‍ച്ചോടെ സൗദിയില്‍ വീണ്ടും സിനിമാ തീയേറ്റര്‍ നിലവില്‍ വരും. 2030 ആകുമ്പോഴേക്കും മുപ്പതിനായിരം പേര്‍ക്ക് സ്ഥിരം ജോലിയും ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ക്ക് താല്‍ക്കാലിക ജോലിയും ഈ മേഖലയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button