കൊച്ചി: നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്നുണ്ടാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിക്കുക. അസം സ്വദേശിയായ അമീര്‍ ഉള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി. അടച്ചിട്ട കോടതിമുറിയില്‍ 74 ദിവസം പ്രോസിക്യൂഷന്‍ വാദം നടത്തി. തുടര്‍ന്ന് തുറന്നകോടതിയിലും വിചാരണ നടന്നു. പ്രതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി.എ. ആളൂരും പ്രോസിക്യൂഷനുവേണ്ടി എന്‍.കെ. ഉണിക്കൃഷ്ണനുമാണ് ഹാജരായത്. കേസില്‍ വ്യക്തമായ തെളിവുണ്ടെന്ന് സാക്ഷികളെക്കൊണ്ട് സ്ഥാപിക്കാനാണു പ്രോസിക്യൂഷന്‍ ശ്രമിച്ചത്. ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയായിരുന്നു ആളൂരിന്റെ വാദം.
2016 ഏപ്രില്‍ 28 നു പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കനാല്‍പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡി.എന്‍.എ. വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു.
ഇതില്‍ 15 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. വിചാരണവേളയില്‍ ജിഷയുടെ മാതാവ് രാജേശ്വരി പ്രതിഭാഗം വക്കീലിനെതിരേ കോടതി മുറിയില്‍ ബഹളംവച്ചിരുന്നു. കാക്കനാട് ജയിലില്‍ കഴിയുന്ന അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്നു രാവിലെ 10.30 ന് കോടതിയില്‍ എത്തിക്കും. ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും വിധികേള്‍ക്കാനെത്തുമെന്നു സൂചനയുണ്ട്.
Post Your Comments