ന്യൂഡല്‍ഹി: പുലര്‍ച്ചെ ആറു മുതല്‍ രാത്രി പത്തു വരെയുള്ള സമയത്ത് ചാനലുകളില്‍ ഗര്‍ഭനിരോധ ഉറകളുടെ പരസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. ഇതോടെ രാത്രി പത്തു മുതല്‍ പുലര്‍ച്ചെ ആറു വരെയുള്ള എട്ടു മണിക്കൂര്‍ നേരത്തേക്കു മാത്രമാണു ചാനലുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നത്. ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പൂര്‍ണമായും മുതിര്‍ന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
അശ്ലീലവും അനാവശ്യവുമായ വിവരങ്ങള്‍ കുട്ടികള്‍ കാണുന്നതും മനസിലാക്കുന്നതും ഒഴിവാക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം രാജ്യത്തെ എല്ലാ ചാനലുകള്‍ക്കുമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നേരത്തെ, ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യ ഹോര്‍ഡിംഗുകള്‍ ഗുജറാത്തില്‍ സ്ഥാപിച്ചതിനെതിരേ തീവ്ര ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തില്‍ അശ്ലീലം അമിതമാണെന്നു കാട്ടി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് അവര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ഇത് പരിഗണിച്ചാണ് കേന്ദ്രം പരസ്യങ്ങള്‍ക്കു നിയന്ത്രിത നിരോധനം ഏര്‍പ്പെടുത്തിയത്.
Post Your Comments