മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനൽ. ചുരുങ്ങിയ സമയം കൊണ്ട് ഭൂരിഭാഗം ഉപഭോക്താക്കളും ചാനൽ ഫീച്ചർ ഏറ്റെടുത്തെങ്കിലും, ഇതിലൂടെ മറ്റൊരു ഫീച്ചറാണ് ഉപഭോക്താക്കൾക്ക് നഷ്ടമായത്. ചാനൽ വന്നതോടെ സ്റ്റാറ്റസ് അപ്ഡേറ്റ് കാണുന്നതിനാണ് ഉപഭോക്താക്കൾ ബുദ്ധിമുട്ട് നേരിട്ടത്. ഏതെങ്കിലും ചാനലുമായി വാട്സ്ആപ്പ് കണക്ട് ചെയ്യുന്നതോടെ, സ്റ്റാറ്റസ് ടാബിൽ എല്ലാ സ്റ്റാറ്റസുകളും തിരശ്ചീനമായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനെതിരെ വലിയ രീതിയിൽ ഉപഭോക്താക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ പരാതിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.
ഏതെല്ലാം സ്റ്റാറ്റസുകൾ കണ്ടുവെന്നും, ഏതെല്ലാം സ്റ്റാറ്റസുകൾ മ്യൂട്ട് ചെയ്തുവെന്നും, ഏതെല്ലാം സ്റ്റാറ്റസുകൾ പുതുതായി ഷെയർ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തുന്നതിനാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്യുന്നത്. ഇതിനായി ഫിൽട്ടർ എന്ന ഓപ്ഷൻ ഉൾപ്പെടുത്താനാണ് വാട്സ്ആപ്പിന്റെ തീരുമാനം. Recent, Viewed, Muted എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചാണ് ഫിൽട്ടർ തയ്യാറാക്കുക. ഇതിൽ നിന്ന് ഉപഭോക്താക്കൾക്ക് ഉചിതമായ ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് സജ്ജീകരണം. നിലവിൽ, പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. ഉടൻ തന്നെ മുഴുവൻ ഉപഭോക്താക്കളിലേക്കും ഫീച്ചർ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.
Post Your Comments