വടകര: ഓര്‍ക്കാട്ടേരി ഒളിച്ചോട്ടക്കേസില്‍ രക്ഷപ്പെട്ടാലും കാമുകിയുടെയും കാമുകന്റെയും ജീവിതം അഴിക്കുള്ളില്‍ തന്നെ. കമിതാക്കളെ കാത്തിരിക്കുന്നത് കള്ളനോട്ടടിയടക്കം നിരവധി കേസുകളാണ്. ഒരു മാസം മുമ്പാണ് ഒഞ്ചിയത്തുനിന്ന് 32 വയസുള്ള പ്രവീണയെ കാണാതായത്. ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പുടമ വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദിനെയും ഇതേ കടയിലെ ജീവനക്കാരി ഒഞ്ചിയം മനയ്ക്കല്‍ പ്രവീണയെയും പൊലീസ് കുടുക്കിയത് സമര്‍ത്ഥമായ നീക്കത്തിനൊടുവിലാണ്.
ഇരുവരും ഒളിവില്‍ താമസിച്ച കോഴിക്കോട് പുതിയറ ജില്ലാ ജയില്‍ റോഡിലെ വീട്ടില്‍ നിന്നും 100 രൂപയുടെ കള്ളനോട്ടുകളും ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പ്രിന്ററും പോലീസ് കണ്ടെത്തി. ഇതോടെ വെറും ഒളിച്ചോട്ടമായി മാത്രം പോലീസ് കരുതിയിരുന്ന കേസില്‍ കാമുകനും കാമുകിയും ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയേണ്ടി വരുമെന്നുറപ്പായി.
പ്രതികള്‍ വ്യാജ ലോട്ടറി നിര്‍മ്മിച്ച് സമ്മാനത്തുക തട്ടിയെടുത്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു സ്വകാര്യ ചാനലിന്റെ ഐഡന്റിറ്റി കാര്‍ഡും ഇവര്‍ താമസിച്ച വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കള്ളനോട്ട് കേസില്‍ വടകര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഐഡിയ മൊബൈല്‍ ഡീലറായ അംജാദ് നേരേത്തയുണ്ടായിരുന്ന സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച് വ്യാജ ഐ.ഡിയിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിനാല്‍ ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
പഴയ ഫോണ്‍ നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അംജാദ് നാട്ടിലെ ഒരാളെ വിളിച്ചിരുന്നു. ഇതാണ് പൊലീസിന് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. സെപ്റ്റംബര്‍ 11 മുതലാണ് അംജാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. പിന്നീട് കടയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തിയത് ജീവനക്കാരിയായ പ്രവീണയായിരുന്നു. അന്ന്, പൊലീസ് പ്രവീണയെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നവംബര്‍ 13 മുതല്‍ പ്രവീണയെയും കാണാതായി.
സ്കൂട്ടറില്‍ വടകര സാന്‍ഡ് ബാങ്ക്സിലെത്തിയ പ്രവീണ ബാഗില്‍ ആത്മഹത്യക്കുറിപ്പെഴുതി വെച്ച് മുങ്ങുകയായിരുന്നു. ഇവര്‍ ഒരാളുടെ ബൈക്കില്‍ പോയതായി നാട്ടുകാര്‍ നേരേത്ത പൊലീസില്‍ മൊഴി നല്‍കിയിരുന്നു. പ്രണയം മൂത്തായിരുന്നു പ്രവീണ കാമുകനൊപ്പം പോയത്. ആരും തിരക്കി വരാതിരിക്കാനായിരുന്നു ആത്മഹത്യക്കുറിപ്പ്. വൈകീട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതായത്.
രാത്രി ഏറെ വൈകീട്ടും ഇവര്‍ വീട്ടില്‍തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പ്രവീണയുടെ അച്ഛന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇവരെ കണ്ടെത്താനായി തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയ്ക്കാണ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഇവരുടെ സ്കൂട്ടര്‍ പൊലീസ് കണ്ടെത്തുന്നത്.
Post Your Comments