KeralaLatest NewsIndia

മലപ്പുറം സ്വദേശി ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം മകളെയും കൂട്ടി ഒളിച്ചോടി, ഒടുവിൽ കള്ളനോട്ട് കേസിൽ അറസ്റ്റിൽ

തിരൂരങ്ങാടി: ഭാര്യയെ ഉപേക്ഷിച്ച് ഒരു വയസുളള മകളുമായി കാമുകിക്കൊപ്പം നാടുവിട്ട മലപ്പുറം സ്വ​ഗേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത് കള്ളനോട്ട് കേസിൽ. മലപ്പുറം മൂന്നിയൂർ പടിക്കൽ തെക്കുംപാട്ട് ആലിങ്ങത്തൊടി മുഹമ്മദ് സഫീറിനെ (30) ആണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ കൂൾബാർ നടത്തുകയായിരുന്നു സഫീർ. ഇയാൾക്ക് കള്ളനോട്ട് ഇടപാടുകളുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ ഒരു വയസുള്ള മകളുമായി കാമുകിക്കൊപ്പം ഒളിച്ചോടിയത്. മുഹമ്മദ് സഫീറിനെയും കുഞ്ഞിനെയും കാണാനില്ലെന്ന പരാതിയിൽ ടവർ ലൊക്കേഷൻ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവർ പശ്ചിമ ബം​ഗാളിലുണ്ടെന്ന് കണ്ടെത്തിയത്.

സഫീറിനു കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ സഫീറിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് 500 രൂപയുടെ 791 കള്ളനോട്ടുകൾ ലഭിച്ചത്. ഇതോടെ കള്ളനോട്ട് കൈവശം വച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിൽ രണ്ടു പേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജൂൺ 25ന് 12.45നാണ് മകൾ ഇയാന മെഹ്റിനുമായി ഇദ്ദേഹം പോയത്. സുഹൃത്തിന്റെ കല്യാണത്തിന് പോകാനുണ്ടെന്നും കുട്ടിയെ ഒരുക്കിനിർത്തണമെന്നും ഭാര്യയോട് ഫോണിൽ അറിയിക്കുകയായിരുന്നു. വീട്ടിലെത്തി കുട്ടിയെ കൊണ്ടുപോയ ശേഷം ഒരു വിവരവും ഇല്ലായിരുന്നു. പിന്നീട് കൊണ്ടോട്ടിയിലെ ലോ‍ഡ്ജിൽനിന്ന് ഒരു സ്ത്രീയും നാലു വയസ്സുള്ള കുട്ടിയും ഓട്ടോയിൽ കയറി പോകുന്നതായി സിസിടിവിയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഫീർ ബംഗാൾ സ്വദേശിയായ യുവതിയോടൊപ്പം പോയതാണെന്ന് മനസ്സിലായത്.

യുവതിയെ അ‍ഞ്ചര മാസം മുൻപ് ഇൻസ്റ്റഗ്രാമിലാണ് സഫീർ പരിചയപ്പെട്ടത്. നാലു വയസ്സുള്ള കുട്ടിയുടെ അമ്മയായ ഇവർ ഭർത്താവുമായി വേർപിരിഞ്ഞതാണ്. ഇൻസ്റ്റ​ഗ്രാം പരിചയം പ്രണയമായതോടെ ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ജീവിക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.

കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി മാതാവിനു വിട്ടുനൽകി. ബംഗാൾ സ്വദേശിനിയെയും ഇവരുടെ 4 വയസ്സായ കുട്ടിയെയും റെസ്ക്യു ഹോമിലാക്കി. വിവാഹസമയത്ത് ഭാര്യയ്ക്ക് നൽകിയ 20 പവനും കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന 4 പവനോളം സ്വർണാഭരണവും യുവാവ് കൈവശപ്പെടുത്തിയതായി ഭാര്യയുടെ വീട്ടുകാർ പരാതിപ്പെട്ടു.

ഡിവൈഎസ്പി വി.വി.ബെന്നി, ഇൻസ്പെക്ടർ കെ.ടി.ശ്രീനിവാസൻ, എസ്ഐമാരായ ബിജു, സതീശൻ, രഞ്ജിത്ത്, എസ്‍സിപിഒമാരായ രാഗേഷ്, ധീരജ്, പ്രജീഷ്, മുരളി, ഷൈജു, സിപിഒ ജിതിൻ, സ്ക്വാഡ് അംഗങ്ങളായ ബിജോയ്, പ്രബീഷ്, വനിത സിപിഒമാരായ സുജാത, സരിത, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button