പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റോഡുകളും പാലങ്ങളും നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കാര്യക്ഷമവും പുത്തനുമായ ഇത്തരം സാങ്കേതിക വിദ്യകള്‍ പിന്തുടരാന്‍ കരാറുകാരും എന്‍ജിനീയര്‍മാരും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. കുന്നത്തുനാട് തൃക്കാക്കര നിയോജകമണ്ഡലങ്ങളിലെ തമ്മില്‍ ബന്ധിപ്പിക്കുന്ന പടിഞ്ഞാറന്‍ മോറയ്ക്കാല യിലെ മാഞ്ചേരിക്കുഴി പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ടാര്‍ മിശ്രിതത്തിന്റെ 70 ശതമാനത്തോളം സ്വാഭാവിക റബ്ബര്‍ ചേര്‍ത്തും റോഡു നിര്‍മിക്കുന്നുണ്ട്. ഇത്തരം റോഡുകള്‍ കൂടുതല്‍ കാലം നിലനില്ക്കുന്നതാണ്. പ്ലാസ്റ്റിക് ചേര്‍ത്തും റോഡുകള്‍ നിര്‍മിക്കുന്നുണ്ട്. ഒരേ സമയം തന്നെ റോഡു പൊളിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയും കയര്‍ ഭൂവസ്ത്രവിതാനവും നിലവിലുണ്ട്.. ഇത്തരത്തിലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിക്കാന്‍ കരാറുകാര്‍ താല്പര്യം കാണിക്കണം. പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റോഡ് പാലം നിര്‍മാണങ്ങള്‍ക്ക് മുന്‍കൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു.
അഴിമതി മൂലം നിര്‍മ്മാണ മേഖലയില്‍ ലോകമെമ്പാടും അപചയം നിലനില്‍ക്കുന്നുണ്ട്. കരാറുകാരും ചില അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒത്തുകളി മൂലം പലപ്പോഴും റോഡു നിര്‍മ്മാണത്തില്‍ ഉദ്ദേശിക്കുന്ന ഗുണനിലവാരം ലഭിക്കുന്നില്ല. ഇതു മാറ്റാന്‍ അഴിമതിക്കെതിരെ ശക്തമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നുണ്ട്. ലോകനിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിച്ചു തരുന്ന കരാറുകാരും നമുക്കുണ്ട്. കരാര്‍ ജോലി പലപ്പോഴും തട്ടിപ്പ് ജോലിയാണെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഇത് വളരെ ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ്. കൂടുതല്‍ വിദ്യാസമ്പന്നരായ കരാറുകാര്‍ ഈ രംഗത്തേക്ക് കടന്നു വരണം. കാര്‍ഷിക രംഗം നിലനിര്‍ത്തിക്കൊണ്ടു വേണം വികസനം വരേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വി പി സജീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കെവി തോമസ് എംപി യോഗത്തില്‍ സംസാരിച്ചു. 12 കോടി രൂപയ്ക്കാണ് മാഞ്ചേരിക്കുഴിയില്‍ പാലം നിര്‍മിക്കുന്നത്.
Post Your Comments