മലപ്പുറം•നാട്ടില്‍ വിമാനമിറങ്ങിയ പ്രവാസി വീട്ടിലെത്തും മുമ്പേ നിര്യാതനായി. തിരൂരങ്ങാടി മാർക്കറ്റ് റോഡിലെ റസീന മൻസിലിൽ എം.എൻ. മുഹമ്മദലി ഹാജിയുടെ മകൻ എം.എൻ. ഇഖ്ബാൽ (47) ആണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്ന ഇഖ്ബാല്‍ ഞായറാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
വിമാനമിറങ്ങിയശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇഖ്ബാലിനെ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെൽഫെയർ ലീഗ്, പി.എസ്.എം.ഒ കോളജ് അലുംനി എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു ഇഖ്ബാൽ. മാതാവ്: കാരാടൻ ഖദീജ ഹജ്ജുമ്മ. ഭാര്യ: റിൻസി കോഴിത്തൊടിക. മക്കൾ: ഷിബിൽ, ഷാസ്രിൻ. സഹോദരങ്ങൾ: എം.എൻ. ബഷീർ (സൗദി), റസീന, റജുല.
Post Your Comments