ജിദ്ദ: മക്ക- മദീന നഗരങ്ങളെ ബന്ധിപ്പിച്ചോടുന്ന ഹറമൈന്‍ ട്രെയിന്‍ അടുത്തമാസം മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് മക്ക ഗവര്‍ണറേറ്റ് ഓദ്യോഗികമായി പ്രഖ്യാപിച്ചു. മക്കയെയും മദീനയെയും ജിദ്ദ, റാബിഗ് വഴി ബന്ധിപ്പിക്കുന്നതാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി. യാത്രക്കാരില്ലാതെ മക്ക മുതല്‍ മദീന വരെയുള്ള പരീക്ഷണയോട്ടങ്ങള്‍ മണിക്കൂറില്‍ 300 കി.മി. വേഗത്തില്‍ ഈ മാസം അവസാനത്തില്‍ സര്‍വിസ് ആരംഭിക്കാനുള്ള തയാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഹറമൈന്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമായാല്‍ ജിദ്ദയില്‍നിന്നു മക്കയിലേക്കും മക്കയില്‍നിന്നു മദീനയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കു തീര്‍ഥാടകര്‍ക്ക് ബസുകളെ ആശ്രയിക്കേണ്ടിവരില്ല.
നിലവില്‍ മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്കിടയിലെ യാത്രകള്‍ക്ക് ബസുകളെയാണ് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ ആശ്രയിക്കുന്നത്. മക്കയില്‍ നിന്നും മദീന വരെയുള്ള റെയില്‍ പാതയുടെ നീളം 450 കിലോമീറ്ററാണ്. ഇതോടെ ജിദ്ദയില്‍നിന്നു മക്കയിലേക്ക് അരമണിക്കൂറിലും ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് രണ്ടു മണിക്കൂറിലും എത്തിച്ചേരാന്‍ സാധിക്കും. ഹറമൈന്‍ ട്രെയിന്‍ സര്‍വിസിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതിനെക്കുറിച്ചുള്ള പഠനം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ സര്‍വിസിന് ഉപയോഗിക്കുന്ന ട്രെയിനുകള്‍ സ്പാനിഷ് കമ്പനിയാണ് നിര്‍മിച്ചുനല്‍കുന്നത്.
Post Your Comments