ഗുഡ്ഗാവ്: ഡെങ്കിപ്പനി ബാധിച്ചു ചികിത്സയ്ക്കെത്തിയ ബാലിക മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗുഡ്ഗാവ് ഫോർട്ടിസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരേ കേസ്. ഹരിയാന ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ഡൽഹി ദ്വാരക സ്വദേശിയായ ജയന്തിന്റെ മകൾ ആദ്യയെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബർ 15ന് കുഞ്ഞ് മരിച്ചു. ഇതിനുപിന്നാലെ 15.5 ലക്ഷം രൂപയുടെ ബിൽ ആശുപത്രി അധികൃതർ കുട്ടിയുടെ പിതാവിനു കൈമാറുകയുണ്ടായി.
വലിയ ബിൽ അടയ്ക്കാവില്ലെന്ന് പറഞ്ഞപ്പോൾ കുട്ടിയുടെ ബോഡി വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. തുടർന്നു ബിൽ അടച്ചിട്ടും ആശുപത്രി ആംബുലൻസ് വിട്ടുനൽകാൻ തയ്യാറായില്ല. ബാലികയുടെ മരണത്തെ തുടർന്നു സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ ആശുപത്രിയിലെ ക്രമക്കേടുകളുടെയും കൂടിയ തുക ഈടാക്കുന്നതിന്റെയും തെളിവുകൾ അടക്കം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Post Your Comments