അബുദാബി: യുഎഇയിലെ അഡ്മിനിസ്‌ട്രേറ്റീവ് ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് നല്‍കണമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ ഡോ. അമല്‍ അല്‍ ഖുബൈസിയുടെ നേതൃത്വത്തില്‍ നടന്ന കൗണ്‍സിലില്‍ രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
ആയിരക്കണക്കിന് സ്വദേശികള്‍ തൊഴില്‍ രഹിതരായുണ്ടെന്ന് റാസല്‍ ഖൈമയില്‍ നിന്നുള്ള കൗണ്‍സില്‍ അംഗം സാലിം അല്‍ സഹി പറഞ്ഞു. ബിരുദധാരികളായ ആയിരക്കണക്കിന് സ്വദേശികള്‍ എപ്പോഴാണ് തങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കുകയെന്ന ചോദ്യവുമായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ 8000 അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ നിന്ന് അവരെ ഒഴിവാക്കി ആ ജോലികള്‍ തദ്ദേശീയര്‍ക്ക് നല്‍കിയാല്‍ നിലവിലെ തൊഴിലില്ലായ്മയ്ക്ക് നേരിയ ആശ്വാസമാവുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ ഒഴിവുവരുന്ന പോസ്റ്റുകള്‍ തദ്ദേശീയര്‍ക്ക് നല്‍കുന്നതാണ് രീതിയെന്നും 2021വരെ ഇത് തുടരുമെന്നും അല്‍ സഹി പറഞ്ഞു. എന്നാല്‍ 30,000ത്തിലേറെ സര്‍ക്കാര്‍ ജോലികള്‍ പ്രവാസികള്‍ കൈയടക്കിവച്ചിരിക്കുകയാണെന്നാണ് അബൂദബിയില്‍ നിന്നുള്ള എഫ്.എന്‍.സി അംഗം സയീദ് അല്‍ റുമൈസിയുടെ അഭിപ്രായം. അടുത്തവര്‍ഷം ഒഴിവുവരുന്ന 7,685 ഒഴിവുകളില്‍ സ്വദേശികളായ ബിരുദധാരികളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷത്തില്‍ 7000 ഒഴിവുകള്‍ മാത്രമുണ്ടാകുന്ന സ്ഥാനത്ത് ഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്വദേശികളുടെ എണ്ണം വളരെ കൂടുതലാണെന്നും വരും വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമാകാന്‍ ഇത് ഇടവരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചികില്‍സയ്ക്കായി കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോവേണ്ടിവരുന്ന കേസുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള 15 ദിവസത്തെ അവധി കുറവാണെന്നും അത് വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മറ്റേണിറ്റി അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് കുട്ടികളെ മുലയൂട്ടാന്‍ ദിവസം രണ്ട് മണിക്കൂര്‍ ഇടവേള അനുവദിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
Post Your Comments