മുംബൈ: രാജ്യത്ത് ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനുകളുടെ (എടിഎം) പ്രചാരം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വിദേശ ബാങ്കുകള്‍ എടിഎമ്മുകളുടെ എണ്ണം കുറച്ചുതുടങ്ങി. ആര്‍ബിഐയുടെ ഡാറ്റ അനുസരിച്ച് വിദേശ ബാങ്കുകളുടെ എടിഎമ്മുകളുടെ എണ്ണം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 18 ശതമാനം കുറഞ്ഞു. സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 934 എടിഎമ്മുകളാണ് വിദേശ ബാങ്കുകള്‍ക്കുള്ളത്. തലേ വര്‍ഷം ഇതേ കാലയളവില്‍ 995 എടിഎമ്മുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ കുറവ്. 2014 സെപ്റ്റംബറില്‍ 1,141 എടിഎമ്മുകളായിരുന്നു ഉണ്ടായിരുന്നത്.
എടിഎം പ്രവര്‍ത്തനങ്ങള്‍ കുറച്ചുതുടങ്ങിയവരില്‍ യുകെ ആസ്ഥാനമായ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്കന്‍ ബാങ്കായ ഫസ്റ്റ് റാന്‍ഡ് ബാങ്ക് എന്നിവ ഉള്‍പ്പെടും. വലിയ ബാങ്കുകളായ സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ്, സിറ്റി ബാങ്ക്, എച്ച്എസ്ബിസി തുടങ്ങിയവയും എണ്ണം കുറച്ചിട്ടുണ്ട്.
2014ല്‍ 279 എടിഎമ്മുകളുണ്ടായിരുന്ന സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് ഇപ്പോള്‍ 223 എടിഎമ്മുകളാണുള്ളത്. സിറ്റി ബാങ്ക് 577ല്‍നിന്ന് 549 എണ്ണമായും എച്ച്എസ്ബിസി ബാങ്ക് 143ല്‍നിന്ന് 100 ആയും കുറച്ചു.
ടെക് കമ്പനികളാണ് വിദേശ ബാങ്കുകളുടെ പ്രധാന ഇടപാടുകാര്‍. അതിനാല്‍ എടിഎമ്മുകള്‍ക്ക് കാര്യമായ ഉപയോഗമില്ല. മുറിവാടക, മെഷീന്‍ വാടക, നെറ്റ്‌വര്‍ക്ക് ചാര്‍ജുകള്‍ എന്നിവയ്ക്കായി ഭാരിച്ച ചെലവുകളുമുണ്ട്. ഓരോ എടിഎമ്മിനും പ്രതിമാസം ഒരു ലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. ഇടപാടുകാര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ പൂട്ടുകയേ വഴിയുള്ളൂവെന്ന് ഫസ്റ്റ് റാന്‍ഡ് ബാങ്ക് ഇന്ത്യ സിഇഒ രോഹിത് വാഹി പറഞ്ഞു.
അതേസമയം, പൊതുമേഖലാ ബാങ്കുകള്‍ മൂന്നു വര്‍ഷംകൊണ്ട് എടിഎമ്മുകളുടെ എണ്ണം 1.2 ലക്ഷത്തില്‍നിന്ന് 1.4 ലക്ഷമായും സ്വകാര്യമേഖലാ ബാങ്കുകള്‍ 50,000ല്‍നിന്ന് 59,365 ആയും ഉയര്‍ത്തി.
Post Your Comments