തിരുവനന്തപുരം: തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫ്ളാഷ് മോബ്. തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് കളിച്ചതിനെതിരെ മതമൗലിക വാദികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് തട്ടമിട്ട വിദ്യാര്‍ത്ഥിനികളെ അണിനിരത്തി ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.
എസ്.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളടക്കം വന്‍ ജനാവലി അണിനിരന്നു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആദര്‍ശ് ഖാന്‍ അധ്യക്ഷത വഹിച്ചു. പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അധിക്ഷേപമാണുണ്ടായത്. ഇതിനെ പിന്തുണച്ച ആര്‍.ജെ സൂരജിനെതിരെയും വ്യാപക സൈബര്‍ ആക്രമണമുണ്ടായി.
ആര്‍.ജെ സൂരജ് ജോലി ചെയ്യുന്ന ദോഹയിലെ എഫ്‌എം സ്റ്റേഷനെതിരെ ബഹിഷ്കരണ ആഹ്വാനമുണ്ടായി. ഇതേതുടര്‍ന്ന് താന്‍ ജോലി ഉപേക്ഷിക്കുകയാണെന്ന് സൂരജിന് പ്രഖ്യാപിക്കേണ്ടി വന്നു. തുടര്‍ന്ന് സൂരജിന് പിന്തുണയുമായി എ.എന്‍ ഷംസീര്‍ അടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി കലാലയങ്ങളില്‍ ഫ്ളാഷ് മോബ് സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐ തീരുമാനിച്ചത്. മലപ്പുറത്ത് ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് കളിച്ചതാണ് മതമൗലികവാദികള്‍ വിവാദമാക്കിയത്.
Post Your Comments