ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യഭിചാരം സംബന്ധിച്ച 497-ാം വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. വിവാഹിതയായ സ്ത്രീ വ്യഭിചാര കേസുകളില്‍ ഉള്‍പ്പെടുമ്പോള്‍ പുരുഷന്‍ കുറ്റക്കാരനും, സ്ത്രീ ഇരയും ആകുന്ന നിലവിലെ നിയമം ബ്രിട്ടീഷ് ഭരണ കാലത്തേത് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
497-ാം വകുപ്പിന്റെ രണ്ട് വശങ്ങള്‍ പുനഃപരിശോധിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പുരുഷന്റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കണക്കാക്കിയിരുന്ന കാലത്താണ് ഈ നിയമം നിലവില്‍ വന്നതെന്ന് ചൂണ്ടിക്കാട്ടി ജോസഫ് ഷൈന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന തീരുമാനം. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ കാളീശ്വരം രാജും, സുവിദത്ത് എം.എസും ആണ് ഹാജരായത്.
1) വ്യഭിചാരത്തിന് പുരുഷന്‍ മാത്രം കുറ്റവാളിയാവുകയും സ്ത്രീയെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ് അവസ്ഥ. വിവാഹിതയായ സ്ത്രീ പുരുഷന്റെ സ്വത്തോ അല്ലെങ്കില്‍ നിഷ്ക്രിയമായ വസ്തു മാത്രമോ എന്നതാണ് ചോദ്യം.
2) വ്യഭിചാരത്തിന് ഭര്‍ത്താവിന്റെ സമ്മതമോ മൗനാനുവാദമോ ഉണ്ടെങ്കില്‍ കുറ്റം ഇല്ലാതാകുന്നു എന്നതാണ് അടുത്തവശം.
ഭര്‍ത്താവിന്റെ സമ്മതമോ മൗനാനുവാദമോ ഇല്ലാതെ ഒരാള്‍ ഭാര്യയുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇത് വ്യഭിചാര കുറ്റമാണെന്നും ശിക്ഷിക്കണമെന്നുമാണ് 497-ാം വകുപ്പ് അനുശാസിക്കുന്നത്.
അതേസമയം, അത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുന്നുമില്ല. പുരുഷനും സ്ത്രീക്കും തുല്യപദവിയാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്.
അതനുസരിച്ച് സ്ത്രീക്കും അവരുടെ ഭര്‍ത്താവിനും എല്ലാ കാര്യത്തിലും തുല്യ സ്ഥാനമാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സ്ത്രീയെ ഇരയായി കാണുമ്പോള്‍ നിയമം ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നതായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. അതിനാല്‍ വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ ഇരയായി കാണുമ്പോള്‍ അവരെ ഒരു ഉല്‍പന്നമായി തരംതാഴ്ത്തുകയല്ലേ ചെയ്യുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ആരാഞ്ഞു.
Post Your Comments