Latest NewsIndiaNews

ഓഖി ചുഴലിക്കാറ്റ് : മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് 80,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

മുംബൈ: ഓഖി ചുഴലിക്കാറ്റില്‍ ദക്ഷിണേന്ത്യന്‍ കടല്‍ത്തീരങ്ങളില്‍ വ്യാപകനാശനഷ്ടം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. മുംബൈയിലെ ബീച്ചുകളില്‍ 80,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയത്. ജീവഹാനിക്ക് പുറമേ അന്തരീക്ഷത്തില്‍ സൃഷ്ടിച്ചിരിക്കുന്ന ഈ നാശനഷ്ടങ്ങള്‍ അന്തരീക്ഷമലിനീകരണത്തിനാണ് വഴിവെച്ചിരിക്കുന്നത്.

പലപ്പോഴായി നദിയിലും കടലിലും തള്ളിയ മാലിന്യങ്ങളാണ് ഇപ്പോള്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരത്ത് അടിഞ്ഞിരിക്കുന്നത്. എണ്‍പത് ടണ്‍ മാലിന്യമാണ് കരയില്‍ കൂമ്പാരമായിക്കിടക്കുന്നതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖരമാലിന്യ സംസ്‌കരണ വിഭാഗം കണക്കാക്കുന്നു.

വെര്‍സോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യക്കൂമ്പാരങ്ങളുള്ളത്. ഇവിടങ്ങളില്‍ യഥാക്രമം 15,000 കിലോ, 10,000 കിലോ മാലിന്യങ്ങളാണുള്ളത്. ദാദര്‍ ചൗപട്ടി, മറൈന്‍ഡ്രൈവ്, നരിമാന്‍ പോയിന്റ്, മര്‍വ എന്നിവടങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ട്. ബീച്ചുകളില്‍ ചിലയിടങ്ങളില്‍ രണ്ടടിയോളം ഉയരത്തില്‍ മാലിന്യം അട്ടിയായി കിടക്കുന്നുണ്ട്. പ്ലാസ്റ്റിക് കൂടുകള്‍, തുണി, കയര്‍, ചെരിപ്പ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ബീച്ചുകളില്‍നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുവരെ 26 ലോഡുകള്‍ നീക്കം ചെയ്തുകഴിഞ്ഞു. പൂര്‍ണമായും ഇവ നീക്കം ചെയ്യുന്നതിന് മൂന്ന്, നാല് ദിവസങ്ങള്‍ വേണ്ടിവരും. നിരവധി സന്നദ്ധ സംഘടനകളും മാലിന്യം നീക്കം ചെയ്യാന്‍ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button