KeralaLatest NewsNews

ശബരിമലയിലേക്ക് പോയ യുവ അയ്യപ്പ സംഘത്തിന്റെ കൈയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി: ആറംഗ സംഘം കസ്റ്റഡിയിൽ

കോട്ടയം : അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത വാര്‍ഷികദിനമായ ഇന്നലെ ശബരിമലയിൽ അതീവ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന വെടിയുണ്ട (പെല്ലറ്റ്) കണ്ടെത്തി. ശബരിമലയിലേക്ക് പോയ യുവ അയ്യപ്പ സംഘത്തിന്റെ കൈയില്‍ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാലക്കാട് സ്വദേശികളാണ് തങ്ങളെന്നും ഹോട്ടല്‍ ജീവനക്കാരാണെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഇവരെ ഈരാറ്റുപേട്ട പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മുഹമ്മദ് നസീഫ്, അഖില്‍, അജിത്, ശങ്കര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോർട്ട്. ഇവരെ ഈരാറ്റുപേട്ടയ്ക്കടുത്ത് കളത്തൂക്കടവ് വാഹനപരിശോധനയ്ക്കായി മേലുകാവ് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയിരുന്നില്ല. ആദ്യംപോയ ബൈക്ക് നിര്‍ത്താതെ അതിവേഗം പാഞ്ഞുപോകുകയായിരുന്നു.

ഇതോടെ പൊലീസ് ബൈക്കിനെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. പോലീസ് പിടിക്കാതെയിരിക്കാൻ പിറകെ വന്ന രണ്ടു ബൈക്കുകൾ പോലീസ് ജീപ്പിനു മാർഗ്ഗ തടസം ഉണ്ടാക്കിയെങ്കിലും പൊലീസ് ഈരാറ്റുപേട്ട പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കളത്തൂക്കടവ് റോഡില്‍ വെച്ച് പോലീസ് മൂന്നു ബൈക്കുകളും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പെല്ലറ്റ് കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയതാണെന്നും ബാഗ് എടുത്തപ്പോള്‍ അത് മാറ്റിവയ്ക്കുവാന്‍ മറന്നതാണെന്നും ഇവര്‍ പൊലീസിന് മൊഴി നൽകി.

വാഹനം നിർത്താതെ പോയത് മതിയായ രേഖകൾ ഇല്ലാത്തതിനാൽ ആണെന്നാണ് ഇവരുടെ വിശദീകരണം. കൂടെയുള്ളവരെ പിടികൂടിയാല്‍ ശബരിമല യാത്ര മുടങ്ങുമെന്നും കരുതിയെന്നും, അതിനാലാണ് പൊലീസ് വാഹനത്തിന് തടസം സൃഷ്ടിച്ച്‌ ആദ്യ ബൈക്കുകാരനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നും ഇവർ പറയുന്നു. എന്നാൽ പോലീസ് ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button