Latest NewsNewsBusiness

കാറുകള്‍ക്ക് വന്‍ വില കിഴിവ് : ടാറ്റാ മോട്ടോഴ്സിനു പിന്നാലെ മറ്റ് വാഹന നിര്‍മാതാക്കള്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2017 അവസാനിക്കാറായ സാഹചര്യത്തില്‍ ടാറ്റാ മോട്ടോഴ്‌സിനു പിന്നാലെ കൂടുതല്‍ കമ്പനികള്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മാരുതി സുസുകി, ഹ്യുണ്ടായി, ഫോക്‌സ്‌വാഗണ്‍, ഔഡി തുടങ്ങിയ പ്രമുഖ കമ്പനികളാണ് വലിയ ഇളവുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസുകളുമായി മോഡലുകള്‍ അനുസരിച്ച് 25,000 മുതല്‍ 8.85 ലക്ഷം വരെ രൂപയാണ് വിവിധ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഓരോ കമ്പനിയുടെയും തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. ഇതിനുമുമ്പ് ബിഎസ് മൂന്നിലുള്ള വാഹനങ്ങള്‍ നിരോധിച്ചപ്പോഴും ജിഎസ്ടി വന്നപ്പോഴുമാണ് വാഹനങ്ങള്‍ക്കു വില കുറഞ്ഞത്. നിലവില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ വിറ്റഴിക്കുക എന്നതാണ് പുതിയ ഇളവിലൂടെ കമ്പനികള്‍ ലക്ഷ്യംവയ്ക്കുന്നത്.

മാരുതി സുസുകി

രാജ്യത്തെ വാഹനവിപണിയില്‍ ഒന്നാമതുള്ള മാരുതി സുസുകി ഇന്ത്യ കമ്പനിയുടെ എല്ലാ സെഗ്മെന്റിലുമുള്ള വാഹനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആള്‍ട്ടോയുടെ വേരിയന്റുകള്‍ക്ക് 45,000-55,000 രൂപ, സിയാസ് പെട്രോള്‍ വേരിയന്റിന് 70,000 രൂപ വരെയും ഡീസല്‍ വേരിയന്റിന് 85,000 രൂപ വരെയും ഇളവ് ലഭിക്കും. കമ്പനിയുടെ പുതിയ മോഡലുകളിലൊന്നായ ഇഗ്‌നിസിന് 40,000 രൂപ വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഉപയോക്താക്കള്‍ക്കുവേണ്ടി രാജ്യവ്യാപകമായി വിന്റര്‍ കാര്‍ കെയര്‍ ക്യാന്പും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതല്‍ ആരംഭിക്കുന്ന ക്യാന്പില്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ സൗജന്യമായി ചെക്കപ്പ് ചെയ്യാവുന്നതാണ്. മാരുതിയുടെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ ഈ സേവനം ലഭ്യമാകും.

ഹ്യുണ്ടായി

കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ചെറിയ ഹാച്ച്ബാക്ക് മോഡലായ ഇയോണിനും ഐ20 എലൈറ്റ്, ആക്ടീവ് മോഡലുകള്‍ക്കും 55,000 രൂപ വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു കൂടാതെ ഗ്രാന്‍ഡ് ഐ10ന്റെ പെട്രോള്‍ വേരിയന്റിന് 75,000 രൂപ വരെയും ഡീസല്‍ വേരിയന്റിന് 90,000 രൂപ വരെയും എക്‌സെന്റിന് 45,000 രൂപ വരെയുമാണ് ഇളവ്.

ഫോക്‌സ്‌വാഗണ്‍

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ പ്രീമിയം സെഡാനായ വെന്റോക്ക് 1.1 ലക്ഷം രൂപ വരെയുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ ജനപ്രീതി പിടിച്ചുപറ്റിയ മോഡലുകളിലൊന്നായ പോളോക്ക് 60,000 രൂപ വരെയുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഔഡി

ആഡംബര വാഹനനിര്‍മാതാക്കളായ ഔഡി തങ്ങളുടെ എ3, എ5, എ6 സെഡാനുകള്‍ക്കും പ്രീമിയം എസ്‌യുവി ക്യു3ക്കും മൂന്നു ലക്ഷം രൂപ മുതല്‍ 8.85 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button