മസ്‌കറ്റ്: തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരന്‍ വ്യക്തമായ കാരണമില്ലാതെ തന്റെ മസ്‌കറ്റിലേക്കുള്ള യാത്ര മുടക്കാന്‍ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതിയുമായി യാത്രക്കാരന്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരനെതിരെ യാത്രക്കാരനായ അബി ഐസക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും മസ്‌കത്തിലെ ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കി. കഴിഞ്ഞ അഞ്ചാം തീയതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
തിരുവനന്തപുരത്തുനിന്ന് മസ്‌കറ്റിലേക്ക് വരുന്നതിനായി എത്തിയ അബിയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കൈയക്ഷരത്തിലെഴുതി എന്ന കാരണം പറഞ്ഞാണ് യാത്ര മുടക്കാന്‍ ശ്രമിച്ചതും അപമര്യാദയോടെ പെരുമാറിയതും. കഴിഞ്ഞ 17 വര്‍ഷമായി ഒമാനില്‍ ജോലിചെയ്യുന്ന അബി വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും കുടുംബത്തെ കാണാന്‍ നാട്ടില്‍ പോവാറുണ്ട്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഇതേ പാസ്‌പോര്‍ട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നതും. എന്നാല്‍, ഇത്രയും കാലം ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാണ് അബി കത്തെഴുതിയിട്ടുള്ളത്.
കഴിഞ്ഞമാസം 23നാണ് അബി മസ്‌കറ്റില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. അപ്പോള്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. എന്നാല്‍ തിരികെ അഞ്ചിന് രാവിലെ ഏഴരക്കുള്ള തിരുവനന്തപുരം -മസ്‌കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്യാന്‍ ആറുമണിക്ക് എത്തിയ അബിക്ക് വിമാനത്താവള കൗണ്ടറില്‍നിന്ന് ബോര്‍ഡിങ് പാസ് ലഭിക്കുകയും എമിഗ്രേഷന്‍ അധികൃതര്‍ സ്റ്റാമ്പ് അടിക്കുകയും ചെയ്തു. പിന്നീട് വിമാനത്താവളത്തിലെ യാത്രക്കാരുടെ ടിക്കറ്റുകള്‍ ക്രോസ് ചെക് ചെയ്യുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനാണ് ആദ്യം പ്രശ്‌നം തുടങ്ങിവെച്ചത്. 2008ല്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍നിന്നെടുത്ത പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും കവറിങ് പേജുകള്‍ പ്രിന്റ് ചെയ്തതാണെങ്കിലും ഒരുവര്‍ഷത്തെ കാലാവധിയാണ് നല്‍കിയത്. ഒരു വര്‍ഷത്തിന് ശേഷം പുതുക്കിയപ്പോള്‍ ഒമ്പതാം പേജില്‍ 21.02.2018 എന്ന കാലാവധി സ്റ്റാമ്പ് അടിച്ചിരുന്നു. ഇത് കൈയക്ഷരത്തില്‍ എഴുതിയതാണെന്നും ഈ പാസ്‌പോര്‍ട്ടില്‍ പറ്റില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. യാത്ര ചെയ്യാന്‍ പുതിയ പാസ്‌പോര്‍ട്ടെടുക്കണമെന്നും ഉദ്യോഗസ്ഥന്‍ വാദിച്ചു. പിന്നീട് സ്വന്തം ഉത്തരവാദിത്തത്തില്‍ യാത്ര ചെയ്യാമെന്നും അതിനായി ഉത്തരവാദിത്ത പത്രം എഴുതിത്തരണമെന്നുമായി നിര്‍ദേശം.
ഇതിനിടെ രംഗത്തെത്തിയ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യാത്ര അനുവദിക്കില്ലെന്നു പറഞ്ഞ് കുറേ ചൂടാവുകയും ചെയ്തു. ഇതോടെ, പ്രശ്‌നം രൂക്ഷമാവുകയും എമിഗ്രേഷന്‍ സ്റ്റാമ്പ് റദ്ദാക്കാന്‍ ഒരുങ്ങുകയും ചെയ്തു. എന്നാല്‍, യാത്രചെയ്യാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ തന്റെ ജോലി നഷ്ടപ്പെടുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ വിട്ടുവീഴ്ചക്ക് തയാറായില്ലെന്നും അബി പറഞ്ഞു. മസ്‌കറ്റില്‍ ഇ-ഗേറ്റ് വഴിയാണ് പുറത്തിറങ്ങുന്നതെന്നും പാസ്‌പോര്‍ട്ടില്‍ കൈയക്ഷരത്തില്‍ എഴുതിയതിന് പ്രശ്‌നമില്ലെന്നും പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. അവസാനം യാത്രമൂലം വിമാന കമ്പനിക്കുണ്ടാവുന്ന എല്ലാ നഷ്ടങ്ങളും പിഴയും വഹിക്കാന്‍ തയാറാണെന്ന് എഴുതിക്കൊടുത്തശേഷമാണ് യാത്ര അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ മസ്‌കറ്റ് വിമാനത്താവളത്തിലെത്തി ഒരു ബുദ്ധിമുട്ടുമില്ലാതെ താന്‍ പുറത്തിറങ്ങുകയും ചെയ്തു.
ഒന്നര മണിക്കൂറോളം വിമാനത്താവളത്തില്‍ നിര്‍ത്തുകയും മറ്റു യാത്രക്കാരുടെ മുന്നില്‍വെച്ച് അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അബി തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്.
Post Your Comments