തൊടുപുഴ : ദമ്പതികളേയും പിഞ്ചു കുഞ്ഞുങ്ങളെയും ഇറക്കിവിട്ട് വീട് പാര്‍ട്ടി ഓഫിസാക്കിയ സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയന്‍, അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. മുരുക്കടി ലക്ഷ്മിവിലാസത്തില്‍ മാരിയപ്പന്‍ – ശശികല ദമ്പതികളെയും ഇവരുടെ മൂന്നരയും രണ്ടും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെയുമാണ് ഇറക്കിവിട്ടത്. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം.
സംഭവം ഇങ്ങനെ: മാരിയപ്പനും മുത്തുവും (മുഹമ്മദ് സല്‍മാന്‍) ബന്ധുക്കളാണ്. വീട്ടില്‍ മുത്തച്ഛനൊപ്പമായിരുന്നു മാരിയപ്പന്റെ താമസം. വീട് നല്‍കാമെന്നു മുത്തച്ഛന്‍ വാക്കു നല്‍കിയിരുന്നതായി മാരിയപ്പന്‍ പറയുന്നു. മാരിയപ്പന്റെ വിവാഹം കഴിഞ്ഞതോടെ മുത്തുവും മാരിയപ്പനും തമ്മില്‍ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമായി. തര്‍ക്കം മൂത്തതോടെ മുത്തു സിപിഎമ്മുകാരെ സമീപിച്ചു. മാരിയപ്പന്‍ സിപിഐക്കാരെയും സമീപിച്ചു.
മാരിയപ്പനു സംരക്ഷണം നല്‍കാനായി കഴിഞ്ഞ ദിവസം സിപിഐക്കാര്‍ വീടിനു മുന്നില്‍ കൊടി നാട്ടി. പിന്നീടു നേതാക്കള്‍ ഇടപെട്ടു കൊടി മാറ്റി. ശശികല പീരുമേട് കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു. അപ്പോഴേക്കും വീട് പാര്‍ട്ടി ഓഫിസായെന്നും ബ്രാഞ്ച് സെക്രട്ടറി മര്‍ദിച്ചു പുറത്താക്കിയെന്നും മാരിയപ്പനും ശശികലയും പറഞ്ഞു.
Post Your Comments