മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികളെ അവഹേളിച്ചവരെ വിമർശിച്ച ആർ.ജെ സൂരജിന് പിന്തുണയുമായി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ ഏതാനും പെൺകുട്ടികളെ അവഹേളിച്ചവരെ വിമർശിച്ചതിനാണ് സൂരജിന് ഈ ഗതി വന്നത്. വിശ്വാസികൾ എന്ന് സ്വയം മേനി നടിക്കുന്നവർ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ആർ.ജെ സൂരജ് മുസ് ലിം സുഹൃത്തുക്കളോട് മാപ്പ് ചോദിക്കുന്ന വീഡിയോ കണ്ടു. സങ്കടവും അമർഷവും അടക്കാനാവുന്നില്ല. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ ഏതാനും പെൺകുട്ടികളെ അവഹേളിച്ചവരെ വിമർശിച്ചതിനാണ് സൂരജിന് ഈ ഗതി വന്നത്. വിശ്വാസികൾ എന്ന് സ്വയം മേനി നടിക്കുന്നവർ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?
വികാരം വ്രണപ്പെട്ടു വ്രണപ്പെട്ടു എന്ന് പേർത്തും പേർത്തും പറയുന്നവരോട് ചോദിക്കട്ടെ. നിങ്ങൾക്ക് വിശ്വാസം എന്നത് വ്രണപ്പെടുന്ന ഒരു വികാരം മാത്രമാണോ? വിമർശനത്തോട് എന്തിനാണ് നിങ്ങളിത്ര അസഹിഷ്ണുത കാണിക്കുന്നത്? വിമർശിച്ചതിന്റെ പേരിൽ അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാവിയെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്?
പ്രിയപ്പെട്ട ആർ. ജെ സൂരജ്,
വീഡിയോയിൽ നിങ്ങൾ പറയുന്നത് കേട്ടു. ഇനി മുതൽ ആരെയും വിമർശിക്കില്ല എന്ന്. റേഡിയോ ജോക്കി എന്ന ജോലി ഉപേക്ഷിക്കുകയാണ് എന്ന്. നിങ്ങൾ ഉയർത്തിയ വിമർശനങ്ങൾ നിർത്തരുത്. ജോലി ഉപേക്ഷിക്കരുത്. നിങ്ങളെ പോലുള്ളവരുടെ നിലപാടുകളാണ് ഈ നാടിന് ഇപ്പോൾ ആവശ്യമായിട്ടുള്ളത്. നിങ്ങൾ ഭീരുവാകരുത്. നിങ്ങളുടെ ഭീരുത്വം പോലും ഉപയോഗപ്പെടുത്താൻ വർഗ്ഗീയ വാദികൾ കാത്തിരിക്കുകയാണ്. അതിനവസരം ഒരുക്കരുത്.
ഒരു കാര്യം കൂടി,
മാപ്പ് പറയേണ്ടത് നിങ്ങളല്ല, ഞങ്ങളാണ്.
വിശ്വാസികൾ എന്ന പേരിൽ ചിലർ നടത്തിയ ആക്രമണത്തിന് ഒരു വിശ്വാസി എന്ന നിലയിൽ മാപ്പു ചോദിക്കുന്നു.
Post Your Comments