കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കത്വ ഫണ്ട് തിരിമറിക്കേസ് അന്വേഷിച്ച പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. മാതൃഭൂമി ന്യൂസ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറേമ്മലിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ വ്യാഴാഴ്ച സസ്‌പെന്‍ഡ്ചെയ്തത്.
കേസില്‍ ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. രാഷ്ട്രീയവൈരാഗ്യം കാരണം യൂത്ത് ലീഗ് നേതാക്കളുടെ പേരില്‍ വെറുതേ പരാതി നല്‍കുകയായിരുന്നുവെന്നാണ് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്.
പരാതിയില്‍ ഇരുവരും കുറ്റക്കാരാണെന്നുകണ്ടെത്താന്‍ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണോദ്യോഗസ്ഥന്‍
കോടതിയെ അറിയിച്ചിരുന്നു. കത്വ-ഉന്നാവ് സംഭവങ്ങളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാനായി യൂത്ത് ലീഗ് ദേശീയകമ്മിറ്റി ബക്കറ്റുപിരിവ് നടത്തിയിരുന്നു.ഇതില്‍നിന്ന് ലഭിച്ച തുക വകമാറി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗ് ദേശീയകമ്മിറ്റി അംഗമായിരുന്ന യൂസഫ് പടനിലമാണ് പരാതി നല്‍കിയിരുന്നത്.
Post Your Comments