കയ്‌റോ: തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി അഹമ്മദ് ഷഫീക്. ടെലിവിഷന്‍ ചാനലുമായി നടത്തിയ ഫോണ്‍ ഇന്റര്‍വ്യുവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2012ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സിയോട് പരാജയപ്പെട്ടതോടെ യുഎഇയിലേക്ക് നാടുവിട്ട ഷഫീക് ശനിയാഴ്ചയാണ് തിരികെ ഈജിപ്തില്‍ തിരിച്ചെത്തിയത്. അടുത്തവര്‍ഷത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഈജിപ്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഷഫീക്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനം പുനഃപരിശോധിക്കുകയാണെന്ന് അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ഈജിപ്തില്‍ തിരിച്ചെത്തിയ ഷഫീക്കിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ അതിന് സാധിച്ചില്ലെന്നും എന്തൊക്കെയോ കള്ളക്കളി നടക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരുന്നു. അതേസമയം ഷഫീക്കുമായി കൂടിക്കാഴ്ച നടത്തിയെന്ന് തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ അഭിഭാഷക ഡിന അഡ്ലി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ന്യൂ കയ്‌റോയിലെ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ചയെന്നും അദ്ദേഹത്തിനെതിരെ നിലവില്‍ അന്വേഷണമൊന്നും നടക്കുന്നില്ലെന്നും അഡ്ലി അറിയിച്ചു.
Post Your Comments