തൃശൂര്‍ : ജൂവലറികള്‍ കേന്ദ്രിരീകരിച്ച് കോടികള്‍ അടിച്ചുമാറ്റിയ സിനി ലാലുവിന്റെ തട്ടിപ്പുെശെലി പോലീസിനെപ്പോലും ഞെട്ടിച്ചു. തട്ടിപ്പിന്റെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചാണ് സിനി കോടികള്‍ തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുവിട്ട തട്ടിപ്പുരീതികളുടെ ചുരുളഴിക്കാന്‍ പോലീസ് നെട്ടോട്ടത്തിലാണിപ്പോള്‍. 28 കേസുകളാണ് സിനിക്കെതിരേ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തട്ടിപ്പുതുക 50 കോടി കവിയും. പോലീസിന്റെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണിത്. ചോദ്യം ചെയ്യുന്നതിനിടയിലും അസാമാന്യ ധൈര്യമാണ് ഇവര്‍ കാട്ടുന്നതെന്നാണ് സൂചന.
രണ്ടുലക്ഷം രൂപയ്ക്ക് ഒരു കിലോ സ്വര്‍ണം എന്ന മോഹനവാഗ്ദാനവുമായാണ് ഇവര്‍ ഇടപാടുകാരെ സമീപിച്ചിരുന്നത്്്. തുക കൈപ്പറ്റിയശേഷം മുങ്ങും. ചോദിക്കാന്‍ ചെന്നാല്‍ ഗുണ്ടകളെ ഇറക്കി വിരട്ടും. ഇതായിരുന്നു സിനി സ്‌റ്റൈല്‍. എറണാകുളം കുമ്പളങ്ങി തണ്ടാശേി വീട്ടില്‍ സിനിയുടെ ഭര്‍ത്താവായി അഭിനയിച്ച ഗോപകുമാര്‍ വഴിയാണ് തുടക്കത്തില്‍ വ്യാപാരികളെ സമീപിച്ചിരുന്നത്. അവിശ്വസനീയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് വന്‍കിട വ്യാപാരികളെപ്പോലും ഇവര്‍ വലിയിലാക്കിയത്. കച്ചവടക്കാരുടെ സുഹൃത്തുക്കളെ കണ്ടെത്തി അവര്‍ വഴിയാണ് ഓപ്പറേഷന്‍. തട്ടിപ്പിനു കളമൊരുക്കാന്‍ ഇരുമ്പില്‍ സ്വര്‍ണംപൂശിയ ബിസ്‌ക്കറ്റുകള്‍ ബാഗില്‍ കരുതിയിരുന്നു. ആവശ്യക്കാരെ സമീപിച്ച ശേഷം അവരുടെ സുഹൃത്തുക്കളെക്കൂടി ഇതില്‍ കണ്ണിചേര്‍ക്കാനും കരുനീക്കം നടത്തും.
അറസ്റ്റിലായപ്പോള്‍ നാലുകോടിയുടെ തട്ടിപ്പു നടത്തിയെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാല്‍ വിവരമറിഞ്ഞതോടെ പല ഭാഗങ്ങളില്‍നിന്നായി പരാതികളുടെ പ്രവാഹമായിരുന്നു. ഇനിയും കൂടുതല്‍ കേസുകള്‍ പൊങ്ങിവരുമെന്നാണ് അറിയുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള പരാതികള്‍ ശേഖരിച്ചശേഷം പോലീസ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. വിദഗ്ധ നീക്കമായതിനാല്‍ പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായിട്ടും തെളിവുകളില്ലാത്ത അവസ്ഥയാണ്. പൂമ്പാറ്റ സിനി എന്ന പേരിലും സിനി അറിയപ്പെട്ടിരുന്നു. അടുത്തകാലത്ത് ഇത്രവലിയ തട്ടിപ്പു റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എത്രയധികം തുക മുടക്കിയാലും നഷ്ടം വരില്ലെന്നു വിശ്വസിപ്പിച്ചാണ് സ്വര്‍ണഇടപാടുകള്‍ ഇവരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നത്. സ്ത്രീ ആയതിനാലും നയത്തില്‍ സംസാരിക്കുമെന്നതിനാലും പലരും ഇവരുടെ വലയില്‍ വീഴുകയായിരുന്നു. സ്വര്‍ണാഭരണശാല ആരംഭിക്കാന്‍ പാര്‍ട്ണര്‍ഷിപ്പിനു ക്ഷണിച്ചും ഇടപാടുകാരുടെയിടയില്‍ വിശ്വാസ്യത നേടി.
പുനെയില്‍നിന്ന് സര്‍ക്കാരിന്റെ അനുമതിപത്രം വ്യാജമായി നിര്‍മിച്ച് ഇടപാടുകാരെ കബളിപ്പിക്കാനും ശ്രമം നടന്നു. തൃശൂര്‍ എം.ജി.റോഡില്‍ മൊബൈല്‍ കട നടത്തിയ അബ്ദുള്‍ അസീസ് എന്നയാളുടെ വീട്ടിലെത്തി സൗഹൃദം സ്ഥാപിച്ച് 17 പവന്‍ തട്ടി. പിന്നീട് യാതൊരു വിവരവുമില്ലാതായപ്പോള്‍ അസീസ് ഇവരെ തേടിയെത്തി. എന്നാല്‍ ഗുണ്ടകള്‍ സിനിയെ കാണാന്‍പോലും സമ്മതിച്ചില്ല.
വിദേശത്തുനിന്നു കസ്റ്റംസുകാര്‍ പിടിക്കുന്ന സ്വര്‍ണം പകുതി വിലയ്ക്കു ലഭിക്കുമെന്നു പറഞ്ഞാണ് ഇടപാടുകാരെ പറ്റിച്ചിരുന്നത്. 40 മുതല്‍ 50 കിലോ വരെ ഒറ്റയടിക്കു ലഭിക്കാറുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. അതിനിടെ വാഴപ്പിള്ളി സ്വദേശി സെയ്തലവിയുടെ ഉടമസ്ഥതയില്‍ ചൊക്കാന-തൃശൂര്‍ റൂട്ടില്‍ ഓടിയിരുന്ന പ്രവാസി ബസ് താല്‍ക്കാലിക കരാറെഴുതി കൈവശപ്പെടുത്തി.
സെയ്തലവിയില്‍നിന്ന് ബസും കച്ചവടത്തിനെന്ന പേരില്‍ വാങ്ങിയതും അടക്കം 73 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. സ്വര്‍ണക്കച്ചവടം നടത്തുന്നുണ്ടെന്നും പങ്കാളിയാക്കാമെന്നും പറഞ്ഞ് പാലപ്പിള്ളി സ്വദേശികളായ രണ്ടുപേരില്‍നിന്ന് സിനി ഒന്നരക്കോടി രൂപയോളമാണ് തട്ടിയത്. രാഷ്ട്രീയനേതാക്കളുടെ ശബ്ദത്തില്‍ മറ്റുള്ളവരെക്കൊണ്ടു വിളിപ്പിച്ചും ഇവര്‍ വിശ്വാസം പിടിച്ചുപറ്റി. തുകയും ബസും കൈയിലെത്തിയതോടെ സിനി അടവുമാറ്റി. തനിക്ക് എന്‍ഫോഴ്‌സുമെന്റില്‍നിന്ന് റെയ്ഡ് നേരിട്ടെന്നും അവര്‍ സ്വര്‍ണം കൊണ്ടുപോയെന്നും തട്ടിവിട്ടു.
പാര്‍ട്ണര്‍ഷിപ്പിനു സമീപിക്കു ന്നവരോടു സ്വര്‍ണം തന്നാല്‍ മതിയെന്നും അതു പണയംവെച്ചു വായ്പയെടുത്തശേഷം ഒരു വര്‍ഷത്തിനകം പലിശയടക്കം തുകയടച്ച് സ്വര്‍ണം മടക്കി നല്‍കാമെന്നും പറഞ്ഞിരുന്നു. തലോറില്‍ സ്വര്‍ണം പൂശിയ വിഗ്രഹം കോടികള്‍ വിലമതിക്കുന്നതാണെന്നു പറഞ്ഞ് രണ്ടുപേരില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ടായിരുന്നു. ഹൈറോഡിലെ സ്വര്‍ണക്കടയില്‍നിന്ന് 22 ലക്ഷം രൂപയാണ് അവസാനമായി തട്ടിയത്. 2012- ലാണ് സിനിയുടെ തട്ടിപ്പുകളുടെ തുടക്കം. അതു ക്ലിക്കായതോടെ വീണ്ടും രംഗത്തിറങ്ങി. എത്ര തട്ടിപ്പുകളാണ് ഇനിയും പൊങ്ങിവരാനുള്ളതെന്ന കാത്തിരിപ്പിലാണ് പോലീസ്.
Post Your Comments