ചെന്നൈ: നടന്‍ വിശാൽ നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും. നാമനിര്‍ദേശ പത്രിക തിങ്കളാഴ്ച സമര്‍പ്പിക്കും. വിശാൽ സ്വതന്ത്രനായാണു മത്സരിക്കുക എന്നാണറിയുന്നത്. തമിഴ്നാട് രാഷ്ട്രീയത്തെ നടികര്‍ സംഘം സെക്രട്ടറി, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന വിശാലിന്റെ രാഷ്ട്രീയ പ്രവേശനം ഇളക്കിമറിക്കുമെന്നാണ് കരുതുന്നത്.
വിശാല്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നതിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നയാളാണ്. മാത്രമല്ല സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താറുമുണ്ട്. നടികര്‍ സംഘം സെക്രട്ടറി സ്ഥാനത്തേക്കു പൊരുതി ജയിച്ചുകയറിയ പോരാട്ടവീര്യം ആർകെ നഗറിലും ആവർത്തിക്കാമെന്നാണ് വിശാലിന്റെ പ്രതീക്ഷ. വിശാലിനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത് അധികാരമുണ്ടെങ്കിലേ ജനങ്ങള്‍ക്കുവേണ്ടി ഇടപെടലുകൾ നടത്താന്‍ കഴിയൂ എന്ന ചിന്തയാണ്.
സൂപ്പർതാരങ്ങളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനെപ്പറ്റി ചർച്ചകളും ഊഹാപോഹങ്ങളും കൊഴുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വിശാലിന്റെ രംഗപ്രവേശം. കമല്‍ഹാസന്‍ ജന്മദിനമായ നവംബര്‍ ഏഴിന് രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നും അതിലൂടെ ജനങ്ങള്‍ക്ക് അഴിമതി വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നും കമൽ വ്യക്തമാക്കി. തമിഴ്നാട് മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാണ് ശ്രമിക്കുകയെന്നും കമല്‍ പറഞ്ഞിരുന്നു.
Post Your Comments