ന്യൂഡൽഹി : ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് വിജയം. ഏറ്റവും കൂടുതൽ വോട്ടു നേടിയ രാജ്യങ്ങളിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. 144 അംഗരാജ്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി വോട്ടു ചെയ്തു. ഏറ്റവും കൂടുതൽ വോട്ടു നേടിയ ജർമ്മനിക്ക് 146 വോട്ടുകൾ ലഭിച്ചു. 1959 മുതൽ ഇന്ത്യ അംഗമായിരുന്നെങ്കിലും ഇതാദ്യമായാണ് വോട്ടെടുപ്പ് നടന്നത് .
ഇത് അഭിമാനകരമായ നിമിഷമാണെന്ന് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ട്വീറ്റ് ചെയ്തു.ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഓർഗനൈസേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ ഉണ്ട്. ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ഗഡ്കരി അംഗരാജ്യങ്ങളെ സമീപിച്ചിരുന്നു. ഇന്ത്യക്കും ജർമ്മനിക്കും പുറമേ ആസ്ട്രേലിയ , ഫ്രാൻസ് , കാനഡ , സ്പെയിൻ , ബ്രസീൽ , സ്വീഡൻ , നെതർലൻഡ്സ് , യുഎഇ എന്നീ രാജ്യങ്ങളാണ് തെരഞ്ഞെടുപ്പിലൂടെ കൗൺസിലിൽ എത്തിയത്.
അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ ജഡ്ജിയായി ഭാരതത്തിന്റെ ദൽവീർ സിംഗ് ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബ്രിട്ടനുമായി നടന്ന മത്സരത്തിൽ പൊതുസഭയിലെ 193 ൽ 183 വോട്ടുകളും ഇന്ത്യക്കാണ് ലഭിച്ചത്. ഇതോടെ ബ്രിട്ടൻ പിന്മാറിയിരുന്നു.
Post Your Comments