മുസ്ലിം സ്ത്രീകളുടെ ജീവിതത്തിലെ ദുരന്തമായി ആയിരത്തിലേറെ വര്‍ഷമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് മുത്തലാഖ്. മൂന്നു തവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചന രീതിയായ മുത്തലാഖിനെ മുസ്ലീം സ്ത്രീകള്‍ ഒരുപോലെ ഭയപ്പെടുന്നു. അനിയന്ത്രിതവും ഏകപക്ഷീയവുമായ വിവാഹമോചന രീതിയാണ് മുത്തലാഖ് സമ്പ്രദായം. സ്ത്രീയുടെ സമ്മതം ചോദിക്കാതെ പുരുഷന്‍ അവന്റെ മതത്തിന്റെ പിന്‍ബലത്തില്‍ അവന്‍ അവളെ ഒഴിവാക്കുന്നു. ഒരു ദയാ ദാക്ഷണ്യവുമില്ലാതെ അടിമയെ പോലെ സ്ത്രീയെ കാണുകയും അവന്റെ ലൈംഗികമായ ചോദനകള്‍ക്കുള്ള ഒരു ഉപകാരണം എന്നതിനപ്പുറം അവള്‍ക്കും ഒരു വ്യക്തിത്വം ഉണ്ടെന്നു മനസിലാക്കാതെ കഷ്ടപ്പെടുത്തുന്ന ദുരിത ജീവിതത്തെ സഹിക്കേണ്ടി വരുന്ന മുസ്ലീം സഹോദരിമാര്‍ക്ക് മുത്തലാഖ് നിയമപരമായി മാറുന്നതോടെ ആ ജീവിതത്തില്‍ നിന്നും ഒരു പരിധിവരെ രക്ഷ ലഭിക്കും.
മൂന്നു തവണ തലാഖ് ചൊല്ലിയുള്ള മുസ്ലിം വിവാഹമോചന രീതി ഭരണഘടനയ്ക്കും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധമാണ്. മുത്തലാഖ് എന്ന വാക്കിന്റെയുള്ളില്‍ അനവധി വ്യഖ്യാനങ്ങളുണ്ട്. ഖുര്‍ ആന്‍ അനുസരിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും യാതൊരു കാരണവശാലും തങ്ങളുടെ ദാമ്പത്തിക ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ല എന്നുണ്ടെങ്കില്‍ ഭാര്യയുടെ കുടുംബത്തില്‍ നിന്നും ഒരു മദ്ധ്യസ്ഥനും ഭര്‍ത്താവിന്റെ കുടുംബത്തിലെ ഒരു മദ്ധ്യസ്ഥനും ചേര്‍ന്നാണ് മുത്തലാഖ് എന്ന വിധി നടപ്പിലാക്കുന്നത്. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് തീര്‍പ്പാകുന്ന ഒരു വിധിയല്ല. പകരം ഭര്‍ത്താവ് ഭാര്യയോട് ഒരു തവണ തലാഖ് പറഞ്ഞതിന് ശേഷം മൂന്ന് മാസം ഭാര്യയോടൊപ്പം താമസിക്കണം. ഇതിന്റെ കാരണവും ഖുര്‍ ആന്‍ വ്യക്തമാക്കുന്നുണ്ട്.
എന്തെങ്കിലും തരത്തിലുള്ള നിസാര കാരണങ്ങള്‍ കൊണ്ടാണ് ഭാര്യയും ഭര്‍ത്താവും മുത്തലാഖിലേക്ക് മുതിര്‍ന്നതെങ്കില്‍ അത് ഈ മൂന്ന് മാസത്തിനുള്ളില്‍ മാറുകയും അവര്‍ക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാനും സാധിക്കും. തലാഖ് പറഞ്ഞ് കഴിഞ്ഞുള്ള മൂന്ന് മാസത്തിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാലും മുത്തലാഖ് റദ്ദാക്കപ്പെടും. തലാഖ് എന്നാല്‍ പൂര്‍ണമായും വിവാഹ മോചനം എന്നല്ല, മറിച്ച് വിവാഹ മോചനത്തിലേക്കുള്ള വെറും ഒരു കര്‍മം മാത്രമാണ്. തലാഖ് പറഞ്ഞ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ ആ ദമ്പതികള്‍ക്ക് പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയില്ല എന്ന തീരുമാനത്തില്‍ നിന്നും മാറിയിട്ടില്ല എങ്കില്‍ അവര്‍ക്ക് വിവാഹ മോചനം നല്‍കും. ഇതാണ് മുത്തലാഖിന്റെ സ്വഭാവരീതി. എന്നാല്‍ അത്രനിസാരമായി ഇതിനെ കാണാനാകില്ല. ഭാര്യ ഗര്‍ഭിണി ആയിരിക്കുന്ന സമയത്തോ ഭാര്യയുടെ ആര്‍ത്തവ സമയത്തോ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലാന്‍ പാടില്ല. ഇതാണ് ചുരുക്കത്തില്‍ മുത്തലാഖ്.
ആധുനിക കാലഘട്ടത്തില്‍ 3 തവണ മൊബൈലിലൂടെയോ, എസ്.എം.എസ്. ആയോ, ഇമെയില്‍ വഴിയോ തലാഖ് എന്ന പദം ആവര്‍ത്തിച്ചാല്‍ വിവാഹബന്ധം വേര്‍പെട്ടതായിട്ടു മുത്തലാഖിനെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഒരേസമയം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധവും ശരിയത്ത് നിയമം ലംഘിക്കുന്നതുമായ സമ്പ്രദായമാണിത്. അതിനാല്‍, മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായി കരുതാനാകില്ലെന്നും മതപരമായി അധാര്‍മ്മികമായ മുത്തലാഖിന് നിയമപരമായ സാധുത അവകാശപ്പെടാനാകില്ലും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു ഇരുപതിലേറെ മുസ്ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചു. പിന്നെന്തുകൊണ്ടാണ് മതേതര രാജ്യമായ ഇന്ത്യക്ക് സാധിക്കാത്തതെന്നും കോടതി ചോദിച്ചു. എന്നാല്‍ ഇന്നും ഈ ദുരാചാരം മുസ്ലീം സമൂഹം തുടരുകയാണ്. മുസ്ലീം പുരുഷന്‍മാര്‍ ഫോണില്‍ കൂടി വിളിച്ച് പറഞ്ഞോ അല്ലെങ്കില്‍ സന്ദേശമയച്ചോ ആണ് മുത്തലാഖ് പറയുന്നത്. ഇതിനെതിരെ സ്ത്രീകള്‍ ശബ്ദിച്ചു തുടങ്ങി. കാരണമൊന്നും ഇല്ലാതെ ജീവിതത്തില്‍ പുരുഷന് മടുപ്പ് തോന്നുമ്പോള്‍ ഒഴിവാക്കേണ്ടവര്‍ ആണോ തങ്ങള്‍ എന്നു അവര്‍ ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? മുത്തലാഖ് മുസ്ലീം സ്ത്രീകളില്‍ ഏല്‍പ്പിക്കുന്ന ആഘാതവും പ്രത്യേകിച്ച് ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ ഇതുമൂലം അനുഭവിക്കുന്ന ദുരിതങ്ങളുമൊക്കെ മനസ്സിലാക്കിയിട്ടുള്ള ഏതൊരാളും മുത്തലാഖിനെ പൂര്‍ണമായും എതിര്‍ക്കുകയേ ചെയ്യൂ. എന്നാല്‍ രാഷ്ട്രീയ വോട്ടെടുപ്പിനായി മതേതരത്വം വിളമ്പുന്ന കക്ഷികള്‍ പോലും ഇതിനെതിരെ ശബ്ദം ഉയര്‍ത്തുന്നില്ല. ന്യൂനപക്ഷ സമുദായ വോട്ടുകള്‍ എന്ന വോട്ട് ബാങ്കിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഇവര്‍ എങ്ങനെയാണ് ആ സമുദായത്തിലെ മത വിശ്വാസങ്ങളെ ചോദ്യം ചെയ്യുക? വാക്കുകളില്‍ ലിംഗമത വേര്‍തിരിവുകള്‍ ഇല്ലെന്നു പറയുകയും എന്നാല്‍ അത്തരം വേര്തിരുവുകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന കപട രാഷ്ട്രീയകാര്‍ക്ക് തിരിച്ചടിയാവുകയാണ് മുത്തലാഖ് നിയമമായി മാറുന്നതോടെ.
ഇനി മുത്തലാഖിന്റെ കുറച്ച് നിയമ വശങ്ങളിലേക്ക് പോയി നോക്കാം, ജാതി, മത, ലിംഗ, വര്‍ഗ്ഗ ഭേദമന്യ ഏതൊരു വ്യക്തിയുടേയും ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാന്‍ ഒരു ജനാധിപത്യ, മതേതര ഭരണകൂടത്തിനു ബാധ്യതയുണ്ട്. തീര്‍ച്ചയായും ഓരോരുത്തരുടേയും മതവിശ്വാസങ്ങളും സംരക്ഷിക്കണം. എന്നാല്‍ ഇവതമ്മില്‍ വൈരുദ്ധ്യം വരുന്ന സാഹചര്യങ്ങള്‍ ഉയര്‍ന്നു വരുക സ്വാഭാവികം. അത്തരം സന്ദര്‍ഭങ്ങളിലാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബ്ബല്ല്യവും തിരിച്ചറിയുക. ഓരോ വ്യക്തിയുടേയും അവകാശങ്ങള്‍ക്കുതന്നെയായിരിക്കണം അപ്പോള്‍ മുന്‍ഗണന കൊടുക്കേണ്ടത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായുള്ള ചോദ്യാവലി ദേശീയ നിയമ കമ്മീഷന്‍ പുറത്തിറക്കിയിരുന്നു. അതില്‍ മതേതര രാജ്യത്തില്‍ മുസ്ലിം വ്യക്തി നിയമത്തിലെ മുത്തലാഖിന് പ്രസക്തിയില്ലെന്നും അത് ലിംഗനീതിക്ക് എതിരാണെന്നും വ്യക്തമാക്കുന്നു. ഇങ്ങനെ വേണം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തേയും നോക്കികാണുവാനും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു നിയമം, അതാണ് ഏകീകൃത സിവില്‍കോഡ്. ഏതെങ്കിലും ഒരു കാരണവശാല്‍ ഏകീകൃത സിവില്‍കോഡ് അംഗികരിക്കപ്പെട്ടിരുന്നുവെങ്കില്‍ മുത്തലാഖ് എന്ന സമ്പ്രദായം കാലങ്ങള്‍ക്ക് മുന്നേ തുടച്ച് മാറ്റപ്പെട്ടേനെ. എന്നാല്‍ ആരൊക്കെ ഇതിനെ അനുകൂലിച്ചാലും മുസ്ലീം വിഭാഗക്കാര്‍ മാത്രം ഇതിനെ അനുകൂലിക്കില്ല എന്നത് പകല്‍പോലെ വ്യക്തമായ സത്യമാണ്. കാരണം അവര്‍ക്ക് മുത്തലാഖ് എന്ന നിയമത്തെ ആവശ്യമായിരുന്നു. തങ്ങളുടെ ഭാര്യമാരില്‍ അധികാരം ഊട്ടിയുറപ്പിക്കാന്‍ അവര്‍ മുത്തലാക്കിനെ വളച്ചൊടിച്ചുകൊണ്ടേയിരുന്നു.
1937 ല്‍ ശരിയത്ത് നിയമങ്ങളെ അടിസ്ഥാമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങള്‍. ഇതിലെ വിവാഹബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1937 നു ശേഷം യാതൊരു പരിഷ്‌കരണവുമില്ലാതെ നില്‍ക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. തലാഖ് ചൊല്ലി വിവാഹ മോചിതയാകുന്ന സ്ത്രീകള്‍ക്ക് ചിലവിനു കൊടുക്കാന്‍ ശരിയത്ത് നിയമം പറയുന്നില്ല. അവര്‍ക്ക് വസ്തുക്കളില്‍ അവകാശവുമില്ല. എന്നാല്‍ ഈ നിയമത്തെ സുപ്രീം കോടതി 1985 ല്‍ ഖണ്ഡിക്കുകയും ഭാര്യയ്ക്കും മക്കള്‍ക്കും വയസ്സായ മാതാപിതാക്കള്‍ക്കും ചിലവിനുകൊടുക്കേണ്ടത് ഭര്‍ത്താവിന്റെയോ മക്കളുടേയോ കടമയാണെന്ന് ചൂണ്ടിക്കാണിക്കുയും ചെയ്തിരുന്നു.
മുത്തലാഖുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിവാദമായ കേസ് ഷബാനു ബീഗത്തിന്റേതാണ്. 1984 ല്‍ മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള ഷബാനു ബീഗം എന്ന 60 വയസുകാരിയായ വൃദ്ധ, തന്നെ മൊഴി ചൊല്ലിയ തന്റെ മുന്‍ ഭര്‍ത്താവായ മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയില്‍ നിന്നും തനിക്കു ജീവനാംശം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് മദ്ധ്യപ്രദേശിലെ കീഴ്‌ക്കോടതിയില്‍ ഒരു അപ്പീല്‍ സമര്‍പ്പിച്ചു. വാര്‍ദ്ധക്യത്തിന്റെ പടിവാതിലിലെത്തി നില്‍ക്കുന്ന അവരെ 40 കൊല്ലത്തെ വിവാഹ ജീവിതത്തിനുശേഷം മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു. മദ്ധ്യപ്രദേശ് കോടതി ഷബാനു ബീഗ്ത്തിന് അനുകൂലമായി കേസ് വിധിച്ചു. ഈ വിധിക്കെതിരെ മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. മുസ്ലീം വ്യക്തി നിയമപ്രകാരം തന്റെ മുന്‍ഭാര്യായ ഷബാനു ബീഗത്തിന്റ ആവശ്യം നിലനില്ക്കുന്നതല്ല എന്ന വാദമുയര്‍ത്തി. ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഢന്റ നേതൃത്വത്തിനലുള്ള ബെഞ്ച്, പുനര്‍വിവാഹതിയാകുന്നതുവരെ അവര്‍ക്ക് ആദ്യഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് (സി ആര്‍ സി പി സെക്ഷന്‍ 125) അനുസരിച്ചാണ് വിധി പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ ഭാരതത്തിലാകെ വന്‍തോതിലുള്ള പ്രതിഷേധവും സംഘടിപ്പിക്കപ്പെട്ടു.
ഇതൊക്കെ മുത്തലാഖിന്റെ ചരിത്രമാണ്. ഇനി കുറച്ച് മുന്നോട്ട് സഞ്ചരിച്ച് നോക്കാം, മൂന്ന് വിവാഹമോചനവും ഒന്നിച്ചുചൊല്ലുന്ന സംവിധാനം (മുത്തലാഖ്) സുപ്രിംകോടതി അസാധുവാക്കിയതോടെ മുത്തലാഖ് ചൊല്ലുന്നവരെ കര്‍ശനമായി ശിക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നു. 1986ലെ മുസ്ലിം സ്ത്രീ(വിവാഹമോചനത്തില്‍ നിന്നുള്ള അവകാശ സംരക്ഷണം)നിയമം ഭേദഗതിചെയ്താവും മുത്തലാഖ് മുഖേന ഭാര്യമാരെ മൊഴിചൊല്ലുന്നവരെ സര്‍ക്കാര്‍ ശിക്ഷിക്കുക. ഇതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള പുതിയ നിയമം കൊണ്ടുവരില്ല. എന്നാല്‍ ഒരേ സമയം മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി ഭേദഗതി ചെയ്യും. ഭേദഗതിക്കായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 497ാം വകുപ്പിന് അനുബന്ധമായി പുതിയൊരു ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഐപിസി 497-ാം വകുപ്പ് പ്രകാരം പരസ്ത്രീ, പരപുരുഷ ബന്ധങ്ങള്‍ കുറ്റകരമെന്നാണ് കണക്കാക്കുന്നത്. പിഴയോടു കൂടിയോ അല്ലാതെയോ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് 22ന് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. മുത്തലാഖിന് എതിരായ നിയമത്തിനുള്ള കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച ബില്ല് പാസായാല്‍ ബി.ജെ.പിക്ക് ഇതൊരു നാഴികക്കല്ല് തന്നെയായിരിക്കും. കാരണം രാജ്യത്തെ ജനങ്ങളില്‍ ഹിന്ദുത്വ തീവ്രത വളര്‍ത്തി വിഭാഗീയത സൃഷ്ടിക്കുകയാണ് ബിജെപി രാഷ്ട്രീയം ചെയ്യുന്നതെന്ന ആരോപണത്തിനു തിരിച്ചടിയാകും. മത വിശ്വാസങ്ങള്‍ ഒരു സമുദായത്തിന് മാത്രമുള്ള നിയമ സംവിധാനവും അതിലൂടെ സ്ത്രീകളുടെ ജീവിതത്തിനു പ്രശ്നങ്ങളും ഉണ്ടാകുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. അതുകൊണ്ട് തന്നെ മുത്തലാഖ് നിയമ വിധേയമാകുന്നതോടെ രാജ്യത്തെ മുസ്ലീം സ്ത്രീകള്‍ മുഴുവന്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ചിരുന്ന അല്ലെങ്കില്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ സാധ്യമാകുന്നത്. അതിനു ചുക്കാന്‍ പിടിയ്ക്കുന്നത് ബിജെപി സര്‍ക്കാരും. വിവേചനമില്ലാത്ത സമൂഹമെന്ന ലക്ഷ്യത്തിലേക്കുള്ള ബി.ജെ.പിയുടെ സുപ്രധാന ചുവടുവെപ്പാണിത്. ജനങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കേന്ദ്രഭരണം, മുത്തലാഖ് നിയമമാക്കുന്നതിലൂടെ മുസ്ലീം ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് നടപ്പിലാക്കുക. ബി.ജെ.പി സര്‍ക്കാരിന്റെ ചരിത്രപ്രധാനമായ തീരുമാനങ്ങളില്‍ ഒന്ന് തന്നെയായിരിക്കും മുത്തലാഖ് നിയമവും എന്നതില്‍ യാതൊരു സംശയവുമില്ല.
Post Your Comments