ലഖ്‌നൗ: തന്റെ ആഗ്രഹത്തിന് വിരുദ്ധമായി പുരികം ത്രെഡ് ചെയ്തതിന് യുവതിയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി ഭർത്താവ്. സൗദി അറേബ്യയിൽ നിന്ന് വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെയാണ് ഭർത്താവ് തലാഖ് ചൊല്ലിയത്. ഒക്‌ടോബർ നാലിന് ആണ് സംഭവം. ഒക്‌ടോബർ നാലിന് നടന്ന സംഭവം കാൻപുർ സ്വദേശിനിയായ ഗുൽസബ എന്ന യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സൗദി അറേബ്യയിൽ താമസിക്കുന്ന സലിം ഭാര്യ ഗുൽസബയുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് ഭാര്യയുടെ പുരികം ശ്രദ്ധിച്ചത്. തന്നോട് അനുമതി ചോദിക്കാതെ പുരികം ത്രെഡ് ചെയ്തത് എന്തിനാണെന്ന് ചോദിച്ച് ഇയാൾ ഭാര്യയോട് തർക്കിച്ചു. ദേഷ്യം പ്രകടിപ്പിച്ച അയാൾ അവളോട് മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ തന്നെ പീഡിപ്പിക്കാറുണ്ടെന്നും യുവതി ആരോപിക്കുന്നു.
അതേസമയം, 2022 ജനുവരിയിലാണ് പ്രയാഗ്‌രാജിൽ നിന്നുള്ള മുഹമ്മദ് സലിമുമായി ഗുൽസബയുടെ വിവാഹം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുസ്ലിം വിവാഹ നിമയപ്രകാരം പോലീസ് കേസെടുത്തു. മുസ്‍ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മുത്തലാഖിലൂടെയുള്ള വിവാഹമോചനം 2019 മുതൽ രാജ്യത്ത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.
Post Your Comments