മുംബൈ: സഹകരണസംഘങ്ങള്‍ പേരിനൊപ്പം ബാങ്കെന്ന് ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ബാങ്ക് നടത്താന്‍ അനുമതിയില്ലാത്ത സഹകരണസംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. സഹകരണസംഘങ്ങളില്‍ അംഗങ്ങളല്ലാത്തവരുടെ നിക്ഷേപം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ സംസ്ഥാന സഹകരണ ബാങ്കിനും ജില്ലാ സഹകരണ ബാങ്കിനും അര്‍ബന്‍ ബാങ്കുകള്‍ക്കും മറ്റു ചില സഹകരണ സംഘങ്ങള്‍ക്കും മാത്രമായിരുന്നു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളും ബാങ്ക് നടത്തുന്നതിനുള്ള ലൈസന്‍സുമുണ്ടായിരുന്നത്. ജില്ലാബാങ്കിന് കീഴില്‍ വരുന്ന 1611 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ സഹകരണബാങ്ക് എന്ന രീതിയിലായിരുന്നു പ്രവര്‍ത്തിച്ച് വന്നിരുന്നത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ഈ നിര്‍ദേശം കേരളത്തിലെ സഹകരണബാങ്കുകളെയെല്ലാം പ്രതികൂലമായി തന്നെ ബാധിക്കും.
നിലവില്‍ ചില സഹകരണസംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിന് വിരുദ്ധമാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. ഇത്തരം സഹകരണസംഘങ്ങള്‍ക്ക് ബാങ്കിടപാടുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടില്ല. സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.
Post Your Comments