ആലപ്പുഴ കാട്ടൂർ പ്രദേശത്ത് ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ വള്ളവും വലയും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപെട്ട മത്സ്യതൊഴിലാളികൾക്ക് ഉടൻ അടിയന്തിര സഹായം എത്തിക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. ഇന്നലെ വെളുപ്പിന് ഉണ്ടായ ശക്തമായ കടൽ ക്ഷോഭത്തിലാണ് തീരത്ത് അടുപ്പിച്ചിരുന്ന 9 ഓളം വള്ളങ്ങളും വലകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപെട്ടത്. ഇതുമൂലം മത്സ്യതൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
നഷ്ടപ്പെട്ട വള്ളവും മറ്റു ഉപകരണങ്ങളും സർക്കാർ ഉടൻ മേടിച്ചു നൽകുകയോ അതിനു തുല്യമായ ധനസഹായം ഉടൻ നൽകുകയോ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടൂർ തീരപ്രദേശത്ത് പുലിമുട്ടോ കടൽഭിത്തിയോ നിർമ്മിക്കണമെന്ന് ബി.ജെ.പി. നിരന്തരമായി ആവശ്യപ്പെട്ടിട്ടും അധികാരികൾ അനങ്ങാത്തതിനു പിന്നിൽ കയർബാഗിൽ മണ്ണുനിറച്ചു പുതിയ തട്ടിപ്പിന് വേദിയൊരുക്കുന്നതിനു വേണ്ടിയാണെന്ന ആരോപണം ഇപ്പോൾ ശക്തമാവുകയാണ്.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രഭാരിയും ജില്ലാ സെക്രട്ടറിയുമായ എൽ.പി. ജയചന്ദ്രൻ, ആർ.ഉണ്ണികൃഷ്ണൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി.മോഹനൻ, വൈസ് പ്രസിഡന്റ് കെ.ജി.പ്രകാശ്, സെക്രട്ടറി ജ്യോതി രാജീവ് എന്നിവർ സംസാരിച്ചു.
Post Your Comments