കേരളത്തില്‍ സുനാമി, ഓഖി ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ തുക. ഇതിൽ കുറച്ചു ഭാഗം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചിട്ടുള്ളത് എന്നുള്ള ആരോപണത്തിൽ രേഖകള്‍ പുറത്തു വിട്ടു മനോരമ ന്യൂസ്. ഓഖി ദുരന്തത്തിന് സഹായമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചതിലും കൂടുതലായിരുന്നു.
അധികം ലഭിച്ച ധനസഹായം മഹാപ്രളയകാലത്ത് പോലും സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിച്ചില്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ സാലറി ചാലഞ്ചും നിര്‍ബന്ധിത പിരിവും നടത്തുന്ന സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. സുനാമി വന്നതിന് ശേഷം കേന്ദ്രം കേരളത്തിന് നല്‍കിയത് 1497.95 കോടി രൂപയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത് ആകെ 62,13,00,000 രൂപ മാത്രമാണ്.
അതേസമയം 2017ല്‍ ഓഖി ദുരന്തത്തിന് ശേഷം കേന്ദ്രം നല്‍കിയത് 241,34,00,000 രൂപയാണ്. നാളിതുവരെ ചെലവഴിച്ചതാകട്ടെ മുപ്പത്തിയൊന്‍പത് കോടി അന്‍പത്തിരണ്ട് ലക്ഷം രൂപമാത്രം. അന്ന് കൂടുതലായി നല്‍കിയ 21.30 കോടി രൂപ ഭാവിയില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
മഹാപ്രളയമുണ്ടായപ്പോള്‍ ഈ തുകയോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള തുകയോ ഒരു രൂപപോലും ഓഗസ്റ്റ് മാസം 19 വരെ ചെലവഴിച്ചിട്ടില്ലെന്ന് ധനകാര്യ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. ദുരന്തനിവാരണ വകുപ്പില്‍നിന്നും ധനകാര്യ വകുപ്പില്‍നിന്നുമുള്ള രേഖകളാണ് പുറത്ത് വന്നിട്ടുള്ളത്.
Post Your Comments