തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാക്കിയ ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍. എന്നാല്‍ 11 മണിയോടെയാണു ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറിയതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനമര്‍ദങ്ങള്‍ സാധാരണയാണ് അപൂര്‍വമായി മാത്രമേ കൊടുങ്കാറ്റായി മാറൂ. ഇതിനു പുറമേ, പ്രഭവകേന്ദ്രം തീരത്തോട് അടുത്തായതും (തീരത്തിന് 70 കിലോമീറ്റര്‍ മാത്രം അകലെ) തിരിച്ചടിയായി.
ശ്രീലങ്കയുടെ പടിഞ്ഞാറു ഭാഗത്തേക്കു കാറ്റ് നീങ്ങുമെന്നായിരുന്നു ഇന്നലെ രാവിലെ വരെയുള്ള നിഗമനം. എന്നാല്‍, പിന്നീടു വടക്കന്‍ ദിശയിലേക്കു മാറി. കന്യാകുമാരി വരെ ഭാഗങ്ങളില്‍ കാറ്റുണ്ടാകുമെന്നായിരുന്നു ആദ്യ സൂചനയെന്നും വിദഗ്ധര്‍ പറഞ്ഞു. ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്നു മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇതു പ്രായോഗികമല്ലെന്നാണു വിദഗ്ധരുടെ വിശദീകരണം.
സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ കേരള തീരങ്ങളില്‍ ന്യൂനമര്‍ദം രൂപപ്പെടാറുണ്ടെങ്കിലും നാലു വര്‍ഷത്തിനിടെ ഇത്ര അടുത്ത് എത്തുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച രാത്രി കന്യാകുമാരിക്കു തെക്ക് 120 കിലോമീറ്റര്‍ അകലെയെത്തിയതോടെയാണു ന്യൂനമര്‍ദം ശക്തി പ്രാപിച്ചത്. തുടര്‍ന്നാണു മഴയും ഓഖി ചുഴലിക്കാറ്റും രൂപപ്പെട്ടതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. വിദേശരാജ്യങ്ങള്‍ പോലും കാലവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന ഇക്കാലത്ത് തങ്ങള്‍ കൊടുങ്കാറ്റിനും കടലിനുമിടയിലായത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്നു മല്‍സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
Post Your Comments