ന്യൂഡല്‍ഹി : ഇന്ന് ലോക എയ്ഡ്‌സ് ദിനം. എയ്ഡ്‌സിനെതിരെ പ്രചാരണം തുടരുമ്പോഴും എച്ച്ഐവി ബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ കോടി പിന്നിട്ട് കഴിഞ്ഞു. എന്റെ ആരോഗ്യം എന്റെ അവകാശം എന്നതാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിന മുദ്രാവാക്യം.
എയ്ഡ്‌സ് എന്ന രോഗാവസ്ഥയെ കുറിച്ച് ലോകം അറിയുന്നത് 1984 ലാണ്. അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകന്‍ റോബര്‍ട്ട് ഗാലോ യിലൂടെയാണ് എയ്ഡ്‌സ് എന്ന രോഗാവസ്ഥ പുറംലോകമറിയുന്നത്. എയ്ഡ്‌സ് ഉണ്ടാക്കുന്ന എച്ച്ഐവി വൈറസിനെ തിരിച്ചറിയുന്നത് അന്നാണ്. ഹ്യുമന്‍ ഇമ്മ്യൂണോ വൈറസ് അഥവാ എച്ച്ഐവി ശരീരത്തിലേക്ക് കടക്കുക വഴി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും അതിന്റെ ഫലമായി മറ്റു മാരക രോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുക. ഭീതിദമായ ഈ അവസ്ഥയാണ് എയ്ഡ്‌സ് അഥവാ അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം.
മരുന്നില്ലാത്ത ആ രോഗാവസ്ഥയ്ക്കുള്ള ഏക പ്രതിരോധം ബോധവ്തക്കരണമായിരുന്നു. രോഗം വരാതെ നോക്കലായിരുന്നു. ആ ലക്ഷ്യവുമായിട്ടാണ് 1988ല്‍ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ഡിസംബര്‍ ഒന്നിന് എയ്ഡ്‌സ് ദിനാചരണം തുടങ്ങിയത്. 29 വര്‍ഷങ്ങള്‍ക്കിപ്പുറം ബോധവല്‍ക്കരണം വലിയൊരളവ് വരെ വിജയിച്ചെങ്കിലും പുറത്തുവരുന്ന കണക്കുകള്‍ ഭീതിപ്പെടുത്തുന്നതാണ്.
നിലവില്‍ ലോകത്ത് എയ്ഡ്‌സ് ബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ കോടിയോളമാണ്. ആഫ്രിക്കയിലാണ് ഏറ്റവുമധികം പേരുള്ളത്. രണ്ടരക്കോടി ആളുകള്‍. ഇവരില്‍ മുതിര്‍ന്നവരുണ്ട്. കുട്ടികളുണ്ട്. ഗര്‍ഭിണികളുണ്ട്. ബോധവ്തക്കരണത്തിനപ്പുറവും എണ്ണത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണ്. ഒപ്പം പ്രതിരോധം കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലും
എച്ച്ഐവി എന്നാല്‍ ഒരു വൈറസും എയ്ഡ്സ് എന്നത് ഒരു അവസ്ഥയുമാണ്. ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് അഥവാ എച്ച്‌ഐവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വൈറസിന്റെ അധിനിവേശമാണ് എയ്ഡ്‌സ്.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്ഐവി വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രധാനമായും പ്രവേശിക്കുന്നത്. അതായതു എച്ച്ഐവി പോസിറ്റീവ് ആയ ഒരാളുമായി യാതൊരു മുന്‍കരുതലും ഇല്ലാതെ ലൈംഗികബന്ധം പുലര്‍ത്തിയാല്‍ രോഗം പിടിപെടാനുള്ള സാധ്യത ഇരട്ടിയാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും രക്തദാനവും വൈറസ് സാന്നിധ്യമുള്ള സൂചിയുടെ ഉപയോഗവുമെല്ലാം എച്ച്ഐവി ബാധിക്കാന്‍ ഇടയാക്കും. എച്ച്ഐവി ബാധിച്ച ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും രോഗം ബാധിക്കാം.
വൈറസ് ബാധിച്ച ഉടനെ ചികിത്സ തേടുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കാതെ തടയാനാകും. കൃത്യമായ മരുന്നുകളിലൂടെ എച്ച്‌ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാനുമാകും.
Post Your Comments