KeralaLatest NewsNews

എരഞ്ഞോളി നളിനി വധക്കേസില്‍ നിര്‍ണ്ണായക വിധി

തലശേരി: എരഞ്ഞോളി കുടക്കളത്തെ നൂനമ്പ്രത്ത് വീട്ടില്‍ എ.കെ നളിനി(63)യെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കര്‍ണാടക ചിക്മംഗളുരു ബെല്‍ട്ട് സ്വദേശി കുടക്കളം റജീന മന്‍സിലില്‍ നസീറിനെ(35)തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും 2,75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

2010 ഒക്ടോബര്‍ 31ന് രാവിലെ 11.30ക്കാണ് കേസിനാസ്പദമായ സംഭവം. മത്സ്യ വില്‍പ്പനക്കാരനായ പ്രതി നളിനിയുടെ വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ ശേഷം കൊലപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. പ്രതിയുടെ പത്ത് വയസ്സുള്ള മകളുടെ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചാണ് കൊല നടത്തിയിരുന്നത്.ഈ ഷാള്‍ പ്രതിയുടെ വീട്ടിലെ സോഫക്കടിയില്‍ നിന്ന് പോലിസ് കണ്ടെടുത്തിരുന്നു.

വീട്ടില്‍ അതിക്രമിച്ച്‌ കടന്നെന്ന കുറ്റത്തിന് പ്രതി ഏഴ് വര്‍ഷം കഠിന തടവും 75,000 രൂപയും പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ 6 മാസം അധിക തടവ് അനുഭവിക്കണം. നളിനിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതി 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. കൊലപാതക കുറ്റത്തിന് പ്രതി ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പ്രതി പിഴയടക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട നളിനിയുടെ ആശ്രിതര്‍ക്ക് പിഴ സംഖ്യ നല്‍കാനും കോടതി ഉത്തരവിട്ടു. കേസ് അന്വേഷിച്ച സംഭവ സമയം തലശ്ശേരി സി.ഐയായിരുന്ന യു.പ്രേമന്‍ ഉള്‍പ്പെടെ 27 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചിരുന്നു.നളിനിയെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ നസീര്‍ നളിനിയുടെ ഒന്നേ മുക്കല്‍ പവന്‍ സ്വര്‍ണ്ണ മാലയും വളയും കവര്‍ന്നിരുന്നു. ഇത് നസീറിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button