Latest NewsKeralaNews

16 വര്‍ഷം മുമ്പ് കണ്ടെത്തിയ ആ മൃതദേഹം ആരുടേത്? കൊലയാളി ആര് ? കാണാതായ സുറൂറും രാജേന്ദ്രനും എവിടെ പോയി ; ഒരു ക്രൈംത്രില്ലര്‍ സിനിമാകഥയെ അനുസ്മരിപ്പിക്കുന്ന കൊലപാതകം

 

മലപ്പുറം : പൊന്നാനിയില്‍ 16 വര്‍ഷം മുമ്പ് കണ്ടെത്തിയ ആ മൃതദേഹം ആരുടേത്?. കൊലയാളി ആര് ?. ഒന്നര പതിറ്റാണ്ടായി കേരളാ പോലീസിനെ വട്ടംകറക്കുകയാണ് ഈ കേസ്. കൊല്ലപ്പെട്ടെന്നു കരുതിയ യുവാവിന്റെ മൃതദേഹമല്ല അന്നു കണ്ടെത്തിയതെന്ന് 14 വര്‍ഷത്തിനു ശേഷം തെളിഞ്ഞു. എന്നാല്‍, പുതിയ ഡി.എന്‍.എ. പരിശോധനാ ഫലം വീണ്ടും തിരിച്ചടിയായി. 2001-ലാണു പൊന്നാനി പെരുമ്പടപ്പ് മാറഞ്ചേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുറൂറി(23)നെ കാണാതായത്.

നാലു മാസത്തിനു ശേഷം പെരുമ്പടപ്പ് പോലീസില്‍ സുറൂറിന്റെ ഉമ്മ ഇതുസംബന്ധിച്ച് പരാതി നല്‍കി. അതിനിടയില്‍ ഇതേ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട അജ്ഞാതന്റെ മൃതദേഹം സുറൂറിന്റേതായിരിക്കുമെന്നു പോലീസ് സംശയിച്ചു. സുറൂറിന്റെ പുതിയ ഫോട്ടോയും തലയോട്ടിയും തമ്മില്‍ താരതമ്യപഠനം നടത്തി. ഫോറന്‍സിക് സയന്‍സ് ലാബിലെ സൂപ്പര്‍ ഇംപോസിഷന്‍ പരിശോധനയില്‍ മൃതദേഹം സുറൂറിന്റേതാണെന്ന് ലോക്കല്‍ പോലീസ് ഉറപ്പിച്ചു.

അവിഹിതബന്ധം സംശയിച്ചു സുറൂറിനെ കൊലപ്പെടുത്തിയെന്നായിരുന്നു കണ്ടെത്തല്‍. പ്രതികളെ കണ്ടെത്താനാകാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. പെരുമ്പടപ്പ് സ്വദേശികളായ പ്രസാദ്, ബിജോയ്, സുരേഷ്, സന്തോഷ് എന്നിവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എന്നാല്‍, വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനായില്ല. ഇതേത്തുടര്‍ന്ന് 2014-ല്‍ കേസ് കോഴിക്കോട് ക്രൈംബ്രാഞ്ച് (എച്ച്.എച്ച്.ഡെബ്ല്യു. 3) ഡിവൈ.എസ്.പി: എസ്. മുരളീധരന്‍ ഏറ്റെടുത്തു. മുരളീധരനാണ് കേസിലെ വഴിത്തിരിവായ കണ്ടെത്തല്‍ നടത്തിയത്. മൃതദേഹത്തിന്റെ പ്രായം അറിയുന്നതിനായി അന്വേഷണസംഘം ഫോറന്‍സിക് ഒഡന്റോളജി പരിശോധന നടത്തി.

ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ബി. ഉമാദത്തന്റെ നേതൃത്വത്തില്‍ മൃതദേഹത്തിന്റെ പല്ലു പരിശോധിച്ചപ്പോള്‍ 37 അല്ലെങ്കില്‍ 38 വയസുള്ളയാളുടേതാണ് ഇതെന്നു കണ്ടെത്തി. തുടര്‍ന്ന് അന്വേഷണസംഘം സുറൂറിന്റെ അമ്മയുടെ രക്തവും മൃതദേഹത്തിന്റെ തലയോട്ടിയും െഹെദരാബാദ് സെന്റര്‍ ഫോര്‍ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സില്‍ (സി.ഡി.എഫ്.ഡി.) അയച്ചു. പരിശോധനയില്‍ മൃതദേഹം സുറൂറിന്റേതല്ലെന്നു വ്യക്തമായി. പ്രതിചേര്‍ത്തവരെ ഇതോടെ, വെറുതെ വിട്ടു.
സുറൂര്‍ എവിടെപ്പോയെന്നും കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നുമുള്ള ചോദ്യം ഉയര്‍ന്നു. ഇതിനുള്ള ഉത്തരം കണ്ടെത്തേണ്ട ബാധ്യതയും പോലീസിനുണ്ടായി.

സുറൂറിനെ കാണാതായ കാലത്ത് ഈ മേഖലയില്‍നിന്ന് തമിഴ്‌നാട് സ്വദേശി രാജേന്ദ്രനേയും കാണാതായിരുന്നു. സുറൂറിന്റേതല്ലെന്നു കണ്ടെത്തിയതോടെ ”അജ്ഞാത മൃതദേഹം” രാജേന്ദ്രന്റേതായിരിക്കുമെന്നു ക്രൈം ബ്രാഞ്ച് സംശയിച്ചു. രാജേന്ദ്രന്റെ സഹോദരിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ. പരിശോധന നടത്തി. എന്നാല്‍, മരിച്ചത് രാജേന്ദ്രനുമല്ലെന്നാണു ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ”അജ്ഞാത മൃതദേഹം” ആരുടേതാണെന്ന് അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്.

അതിനൊപ്പം സുറൂറും രാജേന്ദ്രനും എവിടെയാണെന്നും കണ്ടെത്തണം. മറ്റൊരാളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും മുങ്ങിയതാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സുറൂറിനെ കാണാതായതിനെത്തുടര്‍ന്നു ഉമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, രാജേന്ദ്രനെ കാണാതായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരും പരാതിയുമായി എത്തിയിട്ടില്ലെന്നതും സംശയം ജനിപ്പിക്കുന്നു.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബിജു കെ. സ്റ്റീഫനാണു ഇപ്പോള്‍ അന്വേഷണച്ചുമതല. ഇനിയെങ്കിലും സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളുടെ യാഥാര്‍ഥ്യം വെളിപ്പെടുമെന്ന പ്രതീക്ഷയിാലാണ് സുറൂറിന്റെ ബന്ധുക്കളും നാട്ടുകാരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button