റിയാദ് : സൗദിയിലെ അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജയിലില്‍ അടച്ചിരുന്ന മുന്‍ കിരീടാവകാശി മിതെബ് ബിന്‍ അബ്ദുള്ള രാജകുമാരന് ഒടുവില്‍ ജയില്‍ മോചനം. അന്തരിച്ച അബ്ദുള്ള രാജാവിന്റെ ഇഷ്ട സന്താനമായിരുന്നു ഇദ്ദേഹം. അഴിമതിക്കുറ്റത്തിന് തടവിലായ രാജകുമാരന്മാരില്‍ ഇദ്ദേഹത്തെ മാത്രമാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്. എന്നാല്‍ ശതകോടീശ്വരനായ രാജകുമാരന്‍ അടക്കമുള്ളവര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്. നാഷണല്‍ ഗാര്‍ഡിന്റെ മുന്‍ തലവന്‍ കൂടിയായിരുന്നു ഇപ്പോള്‍ മോചിതനായ മിതെബ്.
റിയാദിലെ ഫൈവ് സ്റ്റാര്‍ റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു മറ്റ് പ്രമുഖര്‍ക്കൊപ്പം മിതെബിനെയും തടവിലിട്ടിരുന്നത്. എന്നാല്‍ മിതെബിന്റെ മോചനം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സൗദി ഒഫീഷ്യലുകളും തയ്യാറായിട്ടില്ല. എന്നാല്‍ മിതെബിന്റെ മോചനത്തില്‍ ദൈവത്തെ സ്തുതിച്ച് കൊണ്ട് സൗദി രാജകുടുംബാംഗമായ അബീര്‍ ബിന്റ് ഖാലിദ് ബിന്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം മിതെബിന്റെ ഫോട്ടോയും അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
മിതെബിനെ വിട്ടയച്ചുവെന്നും അദ്ദേഹം റിയാദിലെ വീട്ടിലാണെന്നുമാണ് മറ്റൊരു സൗദി രാജകുടുംബാഗമായ ജവാഹര്‍ അല്‍സൗദ് രാജകുമാരിയുടെ എക്സ്റ്റേണല്‍ റിലേഷന്‍സ് ഡയറക്ടറെന്ന് അവകാശപ്പെടുന്ന മൊയിദ് മഹ്ജൂബ് എന്ന അക്കൗണ്ടുടമ ട്വീറ്റ് ചെയ്തിരിക്കുന്നത്. സൗദി രാജകുടുംബത്തിലെ മറ്റൊരു അംഗമായ നൗഫ് ബിന്റ് അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ സൗദ് രാജകുമാരിയും മിതെബിനെ വിട്ടയച്ചുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. മിതെബിന്റെ മോചനം എങ്ങനെയാണ് സാധ്യമായതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ അഴിമതിയിലൂടെ സമ്ബാദിച്ച സ്വത്തും പണവും തിരിച്ച് നല്‍കിയാല്‍ തടവിലുള്ളവരെ വിട്ടയക്കാമെന്ന് സൗദി അധികൃതരുമായുണ്ടാക്കിയ കരാറിനെ തുടര്‍ന്നാണ് മിതെബിനെ വിട്ടയച്ചതെന്ന് ഈ പ്രശ്നവുമായി ബന്ധപ്പെട്ട ചില ഉറവിടങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഇത്തരത്തില്‍ അഴിമതിക്കാരെ വിട്ടയക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചുള്ള സൂചന കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ എംബിഎസും നല്‍കിയിരുന്നു.
മിതെബിന് പുറമെ ഡസന്‍ കണക്കിന് രാജകുടുംബാംഗങ്ങള്‍, മിനിസ്റ്റര്‍മാര്‍, നിലവിലും മുമ്പും ഉന്നത പദവിയിലിരുന്ന ഒഫീഷ്യലുകള്‍ തുടങ്ങിയവരെ അഴിമതിക്കുറ്റം ചുമത്തിയാണ് എംബിഎസ് തടവിലേക്ക് അയച്ചിരുന്നത്. കിരീടാവകാശിയെന്ന നിലയില്‍ തന്റെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഈ ശുദ്ധീകരണ പ്രക്രിയകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തീവ്രവാദ നിലപാടുകളില്‍ നിന്നും മിതവാദ ഇസ്ലാമിലേക്ക് സൗദിയെ പരിവര്‍ത്തനപ്പെടുത്തുമെന്നും സല്‍മാന്‍ രാജകുമാരന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് സൗദിയില്‍ ഉണ്ടായിരുന്നു ഡ്രൈവിങ് നിരോധനം ഇദ്ദേഹം എടുത്ത് മാറ്റിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
Post Your Comments