ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനുശേഷം ബാങ്ക് അക്കൗണ്ടുകളില്‍ 25 ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതുമായ 1.16 ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.
റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ വലിയ തുക നിക്ഷേപിച്ചവരുടെ കാര്യത്തില്‍ സൂക്ഷ്മപരിശോധന ഉണ്ടാകുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. നോട്ട് അസാധുവാക്കലിനുശേഷം രണ്ടര ലക്ഷം രൂപയ്ക്കു മീതേ നിക്ഷേപം നടത്തിയ 18 ലക്ഷം പേരില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരെ രണ്ടായി തിരിച്ചിട്ടുണ്ട്.
25 ലക്ഷം രൂപയ്ക്ക് മീതെ നിക്ഷേപം നടത്തിയവര്‍, 10-25 ലക്ഷം രൂപ നിക്ഷേപം നടത്തിയവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് വേര്‍തിരിച്ചിരിക്കുന്നത്. ഇവര്‍ 30 ദിവസത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് സുശീല്‍ ചന്ദ്ര പറഞ്ഞു. 10-25 ലക്ഷം രൂപ നിക്ഷേപം നടത്തിയവരില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്ത 2.4 ലക്ഷം പേര്‍ക്ക് രണ്ടാംഘട്ടത്തില്‍ നോട്ടീസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തില്‍ നികുതി നിയമം ലംഘിച്ചതിന് 609 ആളുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ സാമ്പത്തികവര്‍ഷം 288 ആളുകളുടെ പേരിലാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം 13 പേര്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ ഈ വര്‍ഷമത് 43 ആയി ഉയര്‍ന്നെന്നും ചന്ദ്ര അറിയിച്ചു.
Post Your Comments