ഗുജറാത്തിൽ കോൺഗ്രസ് നേതൃത്വം ഇരുട്ടിൽ തപ്പുന്നു…. “ഇനിയെന്ത് ” എന്നതാണ് കോൺഗ്രസ് നേതാക്കൾ ആലോചിക്കുന്നതെന്ന് വ്യക്തം. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഗുജറാത്തിലെത്തി നെറ്റിയിൽ വലിയ കുങ്കുമക്കുറിയും ചന്ദനവും പുരട്ടി ഹിന്ദു സന്യാസാശ്രമങ്ങളും ആശ്രമങ്ങളും ക്ഷേത്രങ്ങളും കയറിയിറങ്ങിയ രാഹുൽ ഗാന്ധിക്കും അനുയായികൾക്കും ഭാവിയെക്കുറിച്ച് ആശങ്കത്തന്നെ. അവർ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരത്തിയ എല്ലാ ആയുധങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരൊറ്റ ദിവസത്തെ വന്പൻ പ്രചാരണപരിപാടിയോടെ തകര്ന്നടിഞ്ഞു. ഹിന്ദുത്വ കാർഡല്ല അവിടെ മോഡി നിരത്തിയത്….. മറിച്ച് ഗുജറാത്തി കാർഡാണ്. അതെ ‘ഗുജറാത്തി സ്വാഭിമാൻ’. അതിനുമുന്നിൽ കോൺഗ്രസ് നേതൃത്വം, അവരുടെ പ്രതീക്ഷകൾ, തകര്ന്നടിയുന്നതാണ് കണ്ടതെന്ന് ഗുജറാത്തിലുള്ള സർവ രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. ആദ്യഘട്ടം വോട്ടെടുപ്പിന് മുന്നോടിയായി രണ്ടുദിവസം കൂടി മോഡി ഗുജറാത്തിലെത്തുന്നുണ്ട്. അതോടെ കോൺഗ്രസിന്റെ കാര്യം പരമദയനീയമായിത്തീരും. എങ്ങിനെയാണ് ഇനി മോദിയെ, ബിജെപിയെ നേരിടുക എന്നത് കോൺഗ്രസുകാർക്ക് ചിന്തിക്കാനെയാവുന്നില്ല.
മോഡി സർക്കാരിനെതിരെ കുറെ ആക്ഷേപങ്ങൾ ഉന്നയിക്കാൻ കോൺഗ്രസും രാഹുലും ശ്രദ്ധിച്ചിരുന്നു. അതിലൊന്ന് ജിഎസ്‌റ്റിയായിരുന്നു. ഗുജറാത്തിലെ വ്യാപാരി സമൂഹം ഏതാണ്ട് ഒറ്റക്കെട്ടായി ജിഎസ്‌ടിയെ എതിർക്കുന്നുവെന്നും അതിന്റെ പ്രയോജനം കോൺഗ്രസിന് ലഭിക്കുമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു അത്. എന്നാൽ ഇതിനിടയിൽ ഉയർന്ന ജിഎസ്‌ടി നിരക്കുകൾ കുറച്ചതോടെ അവർക്ക് വായ തുറക്കാനാവാതായി. അതിനുപിന്നാലെയാണ് അമിത്ഷായും അരുൺ ജെയ്‌റ്റിലിയും മറ്റും ജിഎസ്‌ടിയുടെ കാര്യത്തിൽ കോൺഗ്രസ് നൽകിയ പിന്തുണയും ഇപ്പോൾ കാണിക്കുന്ന ഇരട്ടത്താപ്പും തുറന്നുകാട്ടിയത്. ‘വിവരമില്ലാത്തതുകൊണ്ടാണ് രാഹുൽ അങ്ങിനെയൊക്കെ പറയുന്നതെന്നു’ ജെയ്‌റ്റിലി വിശദീകരിച്ചതോടെ രാഹുലിന് മിണ്ടാട്ടമില്ലാതായി. പിന്നീടാണ് അഴിമതിക്കഥയുമായി എത്തിയത്….. റാഫേലെ യുദ്ധവിമാനങ്ങൾ സംബന്ധിച്ചുള്ളത്. അതും മോഡി വിരോധം വെച്ചുപുലർത്തുന്ന ഒരു ഓൺലൈൻ മാധ്യമം ചമച്ചുവിട്ടതാണ്. യഥാർഥത്തിൽ കോൺഗ്രസ് നേതൃത്വത്തിലെ സർക്കാർ ലക്ഷ്യമിട്ടതിലും വളരെ വില കുറച്ചാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതെന്ന് വ്യക്തമായതോടെ രാഹുലിനെ ആർക്കും വിശ്വാസമില്ലാതായി. അതും കഴിഞ്ഞപ്പോൾ പ്രതിരോധ രംഗത്ത് പരിചയമില്ലാത്ത റിലയൻസ് ആണ് അതിൽ ഫ്രഞ്ച് സ്ഥാപനത്തിന്റെ ഇന്ത്യയിലെ കൂട്ടാളിയെന്നും മറ്റുമായി ആക്ഷേപം. ഇന്ത്യയിലെ കൂട്ടാളിയെ തീരുമാനിക്കുന്നത് ഫ്രഞ്ച്സ്ഥാപനമാണ്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഇവിടെ നിർമ്മിച്ചുതരണം എന്നതേ സർക്കാറിനുളളൂ. അതും വ്യക്തമായപ്പോൾ എന്തുമനസിലാക്കിയാണ് കോൺഗ്രസുകാർ ആരോപണമുനയിക്കുന്നത് എന്നത് ജനങ്ങൾക്ക് വ്യക്തമായി. മോഡി എന്ന ‘ഗുജറാത്തിന്റെ പുത്രനെ’ ആക്ഷേപിക്കാനായി ചായക്കച്ചവടക്കാരൻ എന്നും വിദേശനേതാക്കൾക്ക് ചായ കൊടുക്കലാണ് ജോലിയൊന്നും മറ്റും യൂത്ത് കോൺഗ്രസുകാർ പ്രചാരണം തുടങ്ങിയതും മോദിക്ക് അനുകൂലമായി. പിന്നീടങ്ങോട് കണ്ടത് ‘ഗുജറാത്തി സ്വാഭിമാന’ത്തിന്റെ പ്രദർശനമാണ്. യഥാർഥത്തിൽ ഇതെല്ലം കോൺഗ്രസും രാഹുലും ക്ഷണിച്ചുവരുത്തിയതാണ്. തിരിച്ചടി ചോദിച്ചുവാങ്ങുന്നു എന്നതാണ് യാഥാർഥ്യം.
ഗുജറാത്തിൽ നരേന്ദ്ര മോഡി എന്താണ് പറയുക എന്നതാണ് ഇന്നലെ ഇന്ത്യ ഉറ്റുനോക്കിയിരുന്നത്. ഗുജറാത്തി അസ്മിത എന്നതാവും മുദ്രാവാക്യം എന്ന് പലരും പ്രവചിച്ചിരുന്നു….. അത് എങ്ങനെയാവും എന്നുമാത്രമേ കാണേണ്ടിയിരുന്നുള്ളു. സത്യത്തിൽ ഒരുതരത്തിലും കോൺഗ്രസിന് മറികടക്കാൻ കഴിയാത്തവിധത്തിലായി ആ മോഡി മുന്നേറ്റം. ഒരു ഉദാഹരണം നോക്കുക ……” യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് കരുതിയ കോൺഗ്രസ് ഗുജറാത്തികളെ അധിക്ഷേപിച്ചു…… ഇപ്പോൾ ഗുജറാത്തിന്റെ മകനെതിരെ അവർ കുപ്രചരണം നടത്തുന്നു. ഗുജറാത്തുകാരായ സർദാർ വല്ലഭായ് പട്ടേലിനെയും മൊറാർജി ദേശായിയെയും അവഹേളിച്ചവരാണ് കോൺഗ്രസുകാർ. ഗുജറാത്തുകാരായതുകൊണ്ടാണ് അവരോട് കോൺഗ്രസ് അങ്ങിനെചെയ്തത്. മൊറാർജി നല്ലൊരു ഗാന്ധിയനായിരുന്നു; പക്ഷെ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് ഇന്ദിരാഗാന്ധി പുറത്താക്കി. സർദാർ പട്ടേലിനെ ഇവർ അപമാനിച്ചത് മണിബെൻ പട്ടേൽ വിശദീകരിക്കുന്നുണ്ട്……..”. ഇതിനു കോൺഗ്രസിന് ഇനി എന്ത് മറുപടിയാണുള്ളത്. ഒന്നുമില്ലതന്നെ.
ദേശസുരക്ഷയുടെ കാര്യവും മോഡി ഉന്നയിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമത്തെത്തുടർന്ന് ‘സർജിക്കൽ സ്ട്രൈക്ക് ‘ നടത്തണമെന്ന് വ്യോമസേനാ നിർദ്ദേശിച്ചത് പുറത്തുവന്നതിന് പിന്നാലെയാണ് മോദിയുടെ ആക്രമണം. പക്ഷെ കോൺഗ്രസ് നേതാക്കൾ അനങ്ങിയില്ല….. അവർ ഒന്നിനും തയ്യാറല്ലായിരുന്നു. ഉറി ഭീകരാക്രമണം ഉണ്ടായപ്പോൾ തന്റെ സർക്കാർ എങ്ങിനെയാണ് പ്രതികരിച്ചത് എന്നതോർക്കണമെന്ന് പ്രധാനമന്ത്രി ഗുജറാത്ത് ജനതയോടാവശ്യപ്പെട്ടു. പാക് ഭീകരൻ ഹഫീസ് സെയ്ദിനെ പാക് സർക്കാർ മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളും തിരിച്ചടിച്ചു; ഹഫീസ് സെയ്ദിനെ മോചിപ്പിച്ചതിൽ സന്തോഷം കോൺഗ്രസിനാണ് എന്നതായിരുന്നുവല്ലോ മോദിയുടെ പ്രതികരണം. പാക് അതിർത്തി മേഖലയിലൊക്കെ അതുണ്ടാക്കുന്ന ചലനങ്ങൾ പറയേണ്ടതുണ്ടോ. നർമ്മദ ജലം ഗുജറാത്തിൽ കർഷകർക്കായി എത്തിച്ചത്, അതുമൂലമുണ്ടായ കാര്ഷികാഭിവൃദ്ധി തുടങ്ങിയവയും മോഡി ചൂണ്ടിക്കാട്ടി. നർമ്മദാ പദ്ധതിയെ അട്ടിമറിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്. ഇതൊക്കെ കോൺഗ്രസിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ലതന്നെ; മറുപടിയാണെങ്കിൽ ഇല്ലതാനും. യഥാർത്ഥത്തിൽ പുലിവാല് പിടിച്ചമട്ടിലാണ് കോൺഗ്രസിന്ന്.
ഇത്തരത്തിലുള്ള ഗുജറാത്തി വികാരം മാത്രമല്ല കോൺഗ്രസിനെ വേട്ടയാടുന്നത്…. മോദിയുടെ റാലികളിൽ എത്തിയ ജനങ്ങളുടെ എണ്ണമാണ് മറ്റൊന്ന്. പതിനായിരങ്ങളാണ് അവിടെയെത്തിയത്. അത് ഗുജറാത്ത് എമ്പാടും തത്സമയം കാണുകയും ചെയ്തു. ഗുജറാത്തിൽ രാഹുൽ ഇത്രനാൾ തമ്പടിച്ചുവെങ്കിലും അദ്ദേഹത്തിനായി ഒരുക്കിയത് ചെറു പരിപാടികളാണ്; ആറായിരം പേര് പങ്കെടുത്ത ഒരു റാലിയാണ് ഏറ്റവും വലിയത്; അതാവട്ടെ പട്ടേലുമാരുടെ ശക്തികേന്ദ്രത്തിൽ…….. ഹാർദിക് പട്ടേലിന്റെ സഹായത്താൽ. അതും കോൺഗ്രസ് ജയിച്ച, അവരുടെ എംഎൽഎയുള്ള നിയോജകമണ്ഡലത്തിൽ. പിന്നീട് രാഹുലിനായി ഒരുക്കിയത് ചെറു പരിപാടികളാണ്. അതിലെത്തിയത് ഏതാണ്ട് രണ്ടായിരം വരെയുള്ള ജനത. അതിനായിത്തന്നെ പണം വാരിവിതരേണ്ടിവന്നിരുന്നു….. ……. വേദിയുടെ അരികിൽനിന്നുകൊണ്ട് കോൺഗ്രസ് നേതാക്കൾറാലിക്കെത്തിയവർക്ക് പണം കൊടുക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോർക്കുക.
എന്നാൽ മോദിയുടെ റാലികൾ മാത്രമല്ല ഇന്നലെത്തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ പങ്കെടുത്ത റാലികളിലും വലിയ ജനക്കൂട്ടമാണ് എത്തിയത്. ഇനിയിപ്പോൾ മോദിക്കും അമിത്ഷാക്കും ഒപ്പം “സ്റ്റാർ അട്രാക്ഷൻ” എന്ന നിലക്ക് യു.പി മുഖ്യമന്ത്രി മഹന്ത് ആദിത്യനാഥും എത്തുകയാണ്. മോഡിക്കുള്ളത്ര ജനപിന്തുണ ആദിത്യനാഥിനുണ്ട് എന്നതാണ് ബിജെപി തിരിച്ചറിയുന്നത്. അതിനെയൊക്കെ എങ്ങിനെ എതിരിടാമെന്നത് കോൺഗ്രസിന്റെ മനസിനെ അലട്ടുന്നു. ഒരു പിടിപാടുമില്ല എന്നതാണ് സത്യം. ബിജെപിയുടെയത്ര റാലികൾ അസാധ്യമാണ് എന്നവർ പറയുന്നുണ്ട്..,, എണ്ണം കൊണ്ട്. ഇനി സംഘടിപ്പിക്കുന്ന റാലികളിലേക്ക് ജനങ്ങളെ എത്തിക്കാനുള്ള ഉദ്യമവും അവരെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്…… കോൺഗ്രസ് ഹൈക്കമാൻഡ് ഭണ്ഡാരം തുറക്കുന്നില്ലെന്നതാ ണ് പ്രാദേശിക നേതാക്കളുടെ വലിയ പരാതി, പണമില്ലാതെ എങ്ങിനെ റാലികൾ നടത്തുമെന്നും അവർ ചോദിക്കുന്നു. യഥാർഥത്തിൽ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിൽ മാത്രമല്ല ഒപ്പമുള്ള പ്രചാരണത്തിലും കോൺഗ്രസ് പിന്നാക്കം പോകുന്നു.
മറ്റൊന്ന് ബിജെപിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും രാഹുൽ ഗാന്ധി, സോണിയ തുടങ്ങിയവർക്കെതിരെ ഒരു ആക്ഷേപവും ബിജെപി ഇതുവരെ ഉയർത്തിയിട്ടില്ല എന്നതാണ്. അവർ ഉൾപ്പെട്ടിട്ടുള്ള എത്രയോ കുംഭകോണങ്ങളുണ്ട്…….. അതിന്റെ ചരിത്രമൊന്നും ബിജെപി വിശദീകരിക്കാൻ മുതിർന്നിട്ടില്ല. എന്നാൽ അതിനർത്ഥം അതൊന്നും ഗുജറാത്തിൽ ഉപയോഗിക്കില്ല എന്നാണ് എന്ന് കോൺഗ്രസുകാർ പോലും കരുതുന്നില്ല. ആദ്യഘട്ടം തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്….. എന്നാൽ രാജ്യത്തിൻറെ അഭിമാനവും ഗുജറാത്തിന്റെ സ്വാഭിമാനവും മതി കോൺഗ്രസിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യാൻ എന്നതാണ് ബിജെപി വിലയിരുത്തൽ. കള്ളക്കഥകൾ മെനയാൻ കോൺഗ്രസ് തയ്യാറായാൽ എന്തുവേണമെന്ന് തങ്ങൾക്കറിയാം എന്ന് പറയുന്ന ബിജെപി നേതാക്കളെയും ഗുജറാത്തിൽ കാണാം.
ഇതിനിടയിൽ മറ്റൊരു പ്രീ- പോൾ സർവേ കൂടി ഗുജറാത്തിൽ നടക്കുന്നുണ്ട്….. മോഡി ഗുജറാത്തിലെത്തിയശേഷമുള്ള സ്ഥിതിയാണ് അവർ വിലയിരുത്തുന്നത്. അതിന്റെ ഫലം രണ്ടുദിവസത്തിനകം പുറത്തുവരും. വോട്ടെടുപ്പിലെ ഈ ആദ്യ ഘട്ടത്തിന് പ്രത്യേകതയുണ്ട് ……. കോൺഗ്രസ്സ് പ്രതീക്ഷയർപ്പിക്കുന്ന തട്ടകങ്ങളിലാണ് അത് നടക്കുന്നത്. ആദ്യപ്രതികരണങ്ങൾ കാണിക്കുന്നത് ചിത്രം ബിജെപിക്ക് അനുകൂലമായി എന്നതാണ്. വിശദാംശങ്ങൾ വരുന്നതേയുള്ളൂ. പട്ടേലുമാർക്കിടയിൽ പോലും മോഡി പ്രിയങ്കരനായിത്തീർന്നു എന്നത് ഇപ്പോൾ കാണുന്ന ചിത്രമാണ്. പട്ടേൽ ശക്തിദുർഗത്തിൽ കോൺഗ്രസ് തോറ്റ് തുന്നം പാടുമെന്നയാൽ പിന്നെ പറയേണ്ടതില്ലല്ലോ. മോഡി ഇനി നാളെയാണ് , ബുധനാഴ്ച, ഗുജറാത്തിലെത്തുക…… അതോടെ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാവും. പ്രീ പോൾ സർവേ ഫലവും അടുത്തദിവസം പുറത്തുവന്നുകൂടായ്കയില്ല….. ബിജെപിയുടെ കണക്കുകൂട്ടൽ 150 ന് മേലിലാണ് എന്നതും ഇപ്പോൾ ഓർമ്മിക്കുക.
Post Your Comments