KeralaLatest NewsNews

ജിഎസ്ടി കൊള്ള തിരിച്ചറിയുക, തട്ടിപ്പ് തടയാന്‍ വേണ്ടത് ചെയ്യുക : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെ അടക്കം ഇരുനൂറിലേറെ ഉൽപന്നങ്ങളുടെ ജിഎസ്ടി കുറച്ചെങ്കിലും വീണ്ടും വിലകൂട്ടി വൻകിട കമ്പനികൾ. ജിഎസ്ടി കാരണം ഉൽപന്നങ്ങൾക്കു വില കുറയുകയാണു വേണ്ടതെങ്കിലും നികുതി കുറയ്ക്കുമ്പോഴും വില കൂട്ടുന്ന ഇൗ തട്ടിപ്പിനെതിരെ സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല. കഴിഞ്ഞ 15ന് ആണ് ഇരുനൂറിലേറെ ഉൽപനങ്ങൾക്കു രാജ്യത്ത് നികുതി ഇളവ് പ്രാബല്യത്തിലായത്. ഏറ്റവും ഉയർന്ന നികുതി നിരക്കായ 28 ശതമാനത്തിന്റെ പട്ടികയിലുണ്ടായിരുന്ന മിക്ക ഉൽപനങ്ങൾക്കും ഇപ്പോൾ 18 ശതമാനമേ നികുതിയുള്ളൂ.

15നു മുൻപ് കടകളിലുണ്ടായിരുന്ന സ്റ്റോക്ക് പോലും നികുതി കുറച്ചു പുതിയ വിലയ്ക്കു വിൽക്കണമെന്നാണു നിയമം. എന്നാൽ, സംസ്ഥാന വ്യാപകമായി ഇത് അട്ടമറിക്കപ്പെട്ടു. പിന്നാലെയാണ്, പുതിയ വിലവിവരപ്പട്ടിക കഴിഞ്ഞയാഴ്ച വൻകിട ഉൽ‌പാദകരെല്ലാം വ്യാപാരികൾ‌ക്കു കൈമാറിയത്. ഒപ്പം, പല ഉൽപനങ്ങളുടെയും പുതിയ സ്റ്റോക്കും കടകളിലെത്തി. കവറിനു പുറത്തു പഴയ വില അതേപടി നിലനിർത്തിയാണു പുതിയ സ്റ്റോക്കും വിലവിവരപ്പട്ടികയും എത്തിയിരിക്കുന്നതെന്നു വ്യാപാരികൾ പറയുന്നു.

നികുതി തട്ടിപ്പ് തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • സാധനം വാങ്ങുമ്പോൾ നികുതി രേഖപ്പെടുത്തിയ ബിൽ ചോദിച്ചു വാങ്ങുക.
  • സ്ഥിരമായി വാങ്ങുന്ന സാധനങ്ങളുടെയെങ്കിലും നികുതി നിരക്ക് എത്രയെന്ന ധാരണയുണ്ടായിരിക്കുക.
  • 5%, 12%, 18%, 28% എന്നിങ്ങനെ നാലു നികുതി നിരക്കുകളാണുള്ളത്. നികുതി ഇല്ലാത്തവയുമുണ്ട്.
  • നികുതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി വീതിച്ചെടുക്കുന്നതിനാൽ ബില്ലിൽ ജിഎസ്ടിയെ രണ്ടായി തരംതിരിച്ചിട്ടുണ്ടാകും. എസ്ജിഎസ്ടി എന്നും സിജിഎസ്ടി എന്നും. നികുതി 12 ശതമാനമാണെങ്കിൽ എസ്ജിഎസ്ടി 6%, സിജിഎസ്ടി 6%.
  • മിക്ക ഉൽപന്നങ്ങൾക്കും ഇപ്പോൾ 18 ശതമാനവും അതിൽ താഴെയുമാണു നികുതി. അതിനാൽ, 28% നികുതി ചുമത്തിയ സാധനങ്ങളുണ്ടെങ്കിൽ നിശ്ചയമായും നിരക്ക് ശരിയാണോ എന്നു പരിശോധിക്കണം.
  • സ്മാർട്ട് ഫോൺ കൈവശമുണ്ടെങ്കിൽ പുതിയ നികുതി നിരക്കുകൾ ഇന്റർനെറ്റിൽ പരിശോധിക്കാം.
  • പുതിയ നികുതി നിരക്ക് സംബന്ധിച്ചുള്ള വാർത്തകളും പരസ്യങ്ങളും സൂക്ഷിച്ചാൽ ഇൗ പരിശോധന എളുപ്പമാകും.
  • അധിക നികുതി ഇൗടാക്കിയെന്നു തിരിച്ചറിഞ്ഞാൽ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെയോ, ജിഎസ്ടി ജില്ലാ ഡപ്യൂട്ടി കമ്മിഷണർമാരെയോ തെളിവു സഹിതം പരാതിയുമായി സമീപിക്കാം.
  • അധിക നികുതി ഇൗടാക്കിയതു മടക്കിത്തരണമെന്നു വ്യാപാരിയോടും ആവശ്യപ്പെടാം. എല്ലാ തുടർനടപടികൾക്കും തെളിവായി ബിൽ സൂക്ഷിച്ചു വയ്ക്കുക.
  • നികുതി കുറച്ച ഉൽപന്നങ്ങൾക്കു വില കുറച്ചിട്ടില്ലെങ്കിലും പരാതിപ്പെടാം. സംസ്ഥാന ജിഎസ്ടി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചു കേന്ദ്ര കൊള്ളലാഭ വിരുദ്ധ സമിതിക്ക് ഇൗ പരാതികൾ കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button