Latest NewsIndiaNews

വെല്ലൂരിലെ വിദ്യാര്‍ഥിനികളുടെ കൂട്ടആത്മഹത്യ: പിന്നില്‍ ജാതീയ അധിക്ഷേപം

 

ആരക്കോണം: തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നാല് വിദ്യാര്‍ഥിനികള്‍ കൂട്ടആത്മഹത്യ ചെയ്തത് മാര്‍ക്ക് കുറഞ്ഞതിനല്ലെന്ന് സഹപാഠികള്‍. നന്നായി പരീക്ഷ എഴുതിയിട്ടും മാര്‍ക്ക് നല്‍കാത്തത് ചോദ്യം ചെയ്തതിന് ജാതിപ്പേര് വിളിച്ച് അപമാനിയ്ക്കുകയാണ് പ്രിന്‍സിപ്പാളുള്‍പ്പടെയുള്ള അദ്ധ്യാപകര്‍ ചെയ്തതെന്ന് മരിച്ച പെണ്‍കുട്ടികളുടെ സഹവിദ്യാര്‍ഥിനികള്‍ പറഞ്ഞു. കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അദ്ധ്യാപികമാര്‍ക്കെതിരായ നടപടി പക്ഷേ, സസ്‌പെന്‍ഷനിലൊതുങ്ങി.

പത്താംക്ലാസ്സില്‍ തൊണ്ണൂറ് ശതമാനത്തോളം മാര്‍ക്ക് വാങ്ങിയിരുന്നു മരണപ്പെട്ട നാല് വിദ്യാര്‍ത്ഥിനികളും. വീട്ടിലെ ചുവര് മുഴുവന്‍ എംബിബിഎസ് എന്ന സ്വപ്നം വരച്ചുവെച്ചിരുന്നു ഇതില്‍ ശങ്കരി എന്ന കുട്ടി. നഗരത്തില്‍ കൂലിപ്പണിയെടുക്കുന്ന അച്ഛനുമമ്മയ്ക്കുമൊപ്പം നിന്ന് ചെന്നൈയിലെ സ്‌കൂളില്‍ പഠിയ്ക്കാന്‍ പണമില്ലാത്തതുകൊണ്ട് അമ്മൂമ്മയോടൊപ്പം നില്‍ക്കുകയായിരുന്നു രേവതി.
പണപ്പാക്കത്തെ ദളിത് കോളനിയില്‍ നിന്ന് ആദ്യമായി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച കുട്ടിയായിരുന്നു മനീഷ. തറിയില്‍ നെയ്തു കിട്ടുന്ന ദിവസക്കൂലി കൊണ്ടാണ് ദീപയുടെ അച്ഛന്‍ കുടുംബം നോക്കിയിരുന്നത്.

ഉത്തരമെഴുതിയിട്ടും മാര്‍ക്ക് കുറവ് തന്നതെന്തിനെന്ന് ടീച്ചറോട് ചോദിച്ചതിനാണ് പ്രിന്‍സിപ്പാള്‍ ശങ്കരിയുള്‍പ്പടെയുള്ള 11 കുട്ടികളെ നാല് മണിക്കൂര്‍ ഉത്തരപ്പേപ്പറും പിടിച്ച് വെയിലത്ത് നിര്‍ത്തിയതെന്ന് അഭിനയ പറയുന്നു. മുഴുവന്‍ മാര്‍ക്ക് കിട്ടിയിട്ടും കോളനിയില്‍ നിന്നായതുകൊണ്ട് മാത്രം അഭിനയയ്ക്കും വെയിലത്ത് നില്‍ക്കണ്ടി വന്നു.

വകുപ്പുതല നടപടി സസ്‌പെന്‍ഷനിലൊതുങ്ങിയപ്പോള്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടാല്‍ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസിന്റെ നിലപാട്. 98 ശതമാനം മാര്‍ക്ക് കിട്ടിയിട്ടും മെഡിക്കല്‍ സീറ്റ് കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിനി അനിതയ്ക്ക് ശേഷം നാല് കുട്ടികള്‍ ജീവനൊടുക്കിയിട്ടും വിദ്യാഭ്യാസമന്ത്രി സെങ്കോട്ടൈയനോ മുഖ്യമന്ത്രിയോ ഇതുവരെ മിണ്ടിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button