ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പാക് ബാലന്‍ അയച്ച സന്ദേശം വൈറലാകുന്നു. അള്ളാഹുവിന് ശേഷം ഇനി തനിക്ക് അഭയം താങ്കളാണെന്നാണ് കത്തിൽ പറയുന്നത്. പാക് ബാലന്‍ ഷഹസാബ് ഇഖ്ബാല്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഷമയ്ക്ക് സന്ദേശം അയച്ചത്. ബാലന് ചികിത്സയ്ക്കായി ഇന്ത്യയിലേക്കുള്ള യാത്രാനുമതി നല്‍കാന്‍ സന്ദേശം ശ്രദ്ധയില്‍പ്പെട്ട സുഷമാ സ്വരാജ് നിര്‍ദേശിക്കുകയും ചെയ്തു.
പാക് ബാലന്‍ ഷഹസാബ് ഇഖ്ബാല്‍ ട്വിറ്ററിലൂടെയായിരുന്നു സുഷമയ്ക്ക് സന്ദേശം അയച്ചത്. അള്ളാഹുവിന് ശേഷം നിങ്ങള്‍ മാത്രമാണ് ഇനി എന്റെ അവസാന പ്രതീക്ഷ. ഇന്ത്യയിലേക്ക് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി വരാനുള്ള യാത്രാനുമതി നല്‍കാന്‍ ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ എംബസിയോട് ദയവായി നിര്‍ദേശം നല്‍കണമെന്നായിരുന്നു സന്ദേശം. ഇതിന് പിന്നാലെ സുഷമയുടെ മറുപടിയുമെത്തി ,നിങ്ങളുടെ വിശ്വാസത്തെ ഇന്ത്യയൊരിക്കലും ഹനിക്കുന്നില്ല. ഇന്ത്യയിലേക്കുള്ള വിസ ഉടന്‍ തന്നെ അനുവദിക്കും എന്നായിരുന്നു മറുപടി.
മൂന്ന് പാക് വംശജര്‍ക്ക് ഇന്ത്യ വിസയനുവദിച്ചത് മാനുഷികമായ കാര്യങ്ങള്‍ പോലും ഇന്ത്യ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന പാകിസ്ഥാന്റെ വിമര്‍ശനം പുറത്തുവന്നതിന് പിന്നാലെയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശം നിലയില്‍ തുടര്‍ന്നപോഴും സുഷമാ സ്വരാജിന്റെ മഹാമനസ്കത കൊണ്ട് നിരവധി പാകിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ മെഡിക്കല്‍ വിസ ലഭിച്ചിട്ടുണ്ട്. ഇത് രാജ്യാന്തര പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
Post Your Comments