Latest NewsNewsIndia

മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒന്‍പത് വര്‍ഷം; നഗരം കനത്ത സുരക്ഷയില്‍

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. 2008 നവംബര്‍ 26നായിരുന്നു 10 ലഷ്‌കര്‍ ഭീകരര്‍ ചേര്‍ന്നു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കുരുതിക്കളമാക്കിയത്. അക്രമപരമ്പരയുടെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന ഹാഫിസ് സയീദ്, പാകിസ്ഥാനില്‍ വീട്ടുതടങ്കലില്‍നിന്നു മോചിതനായതിന് തൊട്ടുപിന്നാലെയാണ് ഇത്തവണ വാര്‍ഷികദിനം കടന്നുപോകുന്നത്.

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവയാണ് ആക്രമണത്തിനിരായ സ്ഥലങ്ങള്‍. മുംബൈക്കൊപ്പം മൂന്നുദിവസം രാജ്യംവിറങ്ങലിച്ചുനിന്നു. അജ്മല്‍ കസബ് എന്ന പാകിസ്ഥാന്‍ പൗരനൊഴികെ അക്രമികളായ മറ്റ് ഒന്‍പതുപേരും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു. തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെ, വിജയ് സലസ്‌കര്‍, മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങി 22 ഭടന്‍മാരും, വിദേശി സഞ്ചാരികളുമടക്കം പൊലിഞ്ഞുവീണത് 166 ജീവനുകള്‍. പരുക്കേറ്റവര്‍ 260. അതേസമയം, മുംബൈ നഗരത്തിലെങ്ങും സുരക്ഷ ശക്തമാക്കി. വാഹന പരിശോധനയും കര്‍ശനമാക്കി.

പ്രധാന സ്ഥലങ്ങളെല്ലാം ബാരിക്കേഡ് ഉപയോഗിച്ചു തിരിച്ചിട്ടുണ്ട്. വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരത്തില്‍ പലയിടങ്ങളിലും അനുസ്മരണ യോഗങ്ങള്‍ നടത്തുന്നുണ്ട്. അക്രമങ്ങള്‍ക്കുപിന്നില്‍ ലഷ്‌കര്‍ തയ്ബയെന്നു കണ്ടെത്തിയിരുന്നു. 2012 നവംബറില്‍ ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റി. പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ പാകിസ്ഥാനില്‍നിന്നാണെന്നു വ്യക്തമായതോടെ ഇന്ത്യാ പാക്ക് ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദാണു സൂത്രധാരനെന്നു വ്യക്തമാകുന്ന തെളിവുകള്‍ ഇന്ത്യ, പാക്കിസ്ഥാനു കൈമാറി. പക്ഷേ, മതിയായ തെളിവുകളില്ലെന്ന ന്യായംപറഞ്ഞു കഴിഞ്ഞ ദിവസം ഹാഫിസിനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചത്, നയതന്ത്രതലത്തില്‍ പുതിയ ചര്‍ച്ചകളിലേക്കു നയിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button