തങ്ങൾക്ക് ഇഷ്ടമില്ലാത്തതിനെയൊക്കെ തകർക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയാണ് . അതിന്റെ പരിണിത ഫലങ്ങൾ അനവധി കേരളം ഇതിനകം അനുഭവിച്ചിട്ടുണ്ട്. കൊലപാതകങ്ങൾ, കടന്നാക്രമണങ്ങൾ, കൊള്ളിവെപ്പുകൾ….. അങ്ങിനെയെന്തെല്ലാം. അതിൽ ഏറ്റവുമൊടുവിലത്തേതാണ് കോട്ടയം ജില്ലയിലെ കുമരകത്ത് ഒരു സ്വകാര്യ റിസോർട്ട് സിപിഎംകാർ ആക്രമിച്ച സംഭവം; നിരാമയ റിട്രീറ്റ്സ് ആണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ, വ്യാഴാഴ്ചയാണ്, അതുണ്ടായത്. സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് ഉണ്ടാക്കിയത് എന്നുപറഞ്ഞാണ് കയ്യേറ്റവും ആക്രമണവും തകർക്കലുമൊക്കെ സഖാക്കൾ നടത്തിയത്. സിപിഎം നേതാക്കളും പഞ്ചായത്ത് ഭാരവാഹികളും പോലും പറയുന്നത് ഒന്നോ ഒന്നരയോ സെന്റ് കയ്യേറിയിട്ടുണ്ട് എന്നാണ്. അങ്ങിനെയുണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് ഈ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരല്ലേ. അവർക്ക് അതിനുള്ള അധികാരമുണ്ടല്ലോ……….. നിയമം അത് അനുശാസിക്കുന്നുണ്ടല്ലോ. അതിന് മുതിരാതെ എന്തിനാണ് കുട്ടിസഖാക്കളെ അയച്ച് റിസോർട്ട് തല്ലി തകർക്കാൻ ശ്രമിച്ചത്? കാര്യങ്ങൾ എല്ലാവർക്കുമറിയാം…. സിപിഎമ്മിന്റെ ഒരു രാഷ്ട്രീയ പാപ്പരത്തം എന്നല്ലാതെ എന്താണതിനെ വിശേഷിപ്പിക്കുക.
രാജ്യസഭാംഗവും എൻഡിഎകേരള ഘടകത്തിന്റെ ഉപാധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. കഴിഞ്ഞ കുറെ നാളുകളായി സിപിഎം അദ്ദേഹത്തിനെതിരെ തിരിയുകയാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് എന്ന വാർത്ത ചാനൽ പഴയപോലെ സിപിഎമ്മിന്റെ വക്താവ് ആവുന്നില്ല എന്നതാണ് പരാതി. മുതിർന്ന സിപിഎം നേതാവായിരുന്ന സഖാവ് പി ഗോവിന്ദ പിള്ളയുടെ പുത്രനും ഇടതു സഹയാത്രികനുമായ എംജി രാധാകൃഷ്ണൻ എഡിറ്ററായിട്ടുള്ള ചാനലിൽ തങ്ങൾ ആഗ്രഹിച്ചതും വിചാരിച്ചതുമൊന്നും അതേപടി നടപ്പിലാക്കാൻ കഴിയുന്നില്ലെന്ന് സിപിഎം കരുതുന്നു. മാത്രമല്ല സംസ്ഥാന സർക്കാരിനെതിരെ വാർത്തകൾ സംപ്രേഷണം ചെയ്യുന്നു. ഈ അസഹിഷ്ണുതയാണ് സിപിഎമ്മിനെ അലട്ടുന്നത്. അതുകൊണ്ടാവണം ഇടക്ക് ഒന്നിലേറെ തവണ സിപിഎം നേതാക്കൾ ഏഷ്യാനെറ്റിനെതിരെ ചില സൂചനകൾ പരസ്യമായി നൽകിയിരുന്നു. “നേരെയായില്ലെങ്കിൽ കാര്യങ്ങൾ പ്രശ്നമാവും” എന്ന അർഥം വരുന്നതാണത് ഇന്നിപ്പോൾ ചിന്തിക്കുമ്പോൾ തോന്നിപ്പോകും. രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ സ്വാതന്ത്രാംഗം ആണെങ്കിലും എൻഡിഎയുമായി ചേർന്ന് നിൽക്കുന്നു. ഒരു പ്രൊഫഷണൽ ആയ അദ്ദേഹത്തിന്റെ സേവനം മോഡി സർക്കാർ പലപ്പോഴും തേടിയിട്ടുണ്ടുതാനും. വിമുക്ത ഭടന്മാർ ഓ ആർ ഓ പിക്കായി സമരരംഗത്തുവന്നപ്പോൾ മധ്യസ്ഥതക്കായി നിയോഗിക്കപ്പെട്ടത് അദ്ദേഹമാണല്ലോ. ആ പ്രശ്നം ഭംഗിയായി തീർക്കാനുമായി. അതിനൊക്കെശേഷമാണ് കേരളത്തിലെ എൻഡിഎ യുടെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നരേന്ദ്രമോദിയും അമിത് ഷായും അദ്ദേഹത്തോട് പറയുന്നതും കേരള എൻഡിഎ ഘടകത്തിന്റെ വൈസ് ചെയര്‍മാന്‍ ആയി നിയോഗിച്ചതും. അതോടെയാണ് സിപിഎം കൂടുതൽ ശക്തമായി ചില നീക്കങ്ങൾ തുടങ്ങിയത്.
ഏറ്റവുമൊടുവിൽ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്ക് ആലപ്പുഴയിലുള്ള റിസോർട്ട് കായൽ നികത്തിയത് നെൽവയൽ നികത്തിയതും പരിസ്ഥിതി ആഘാതമുണ്ടാക്കിയതുമൊക്കെ വെളിച്ചത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. അത് അവർ ഏറ്റുപിടിക്കുകയും മറ്റു ചാനലുകൾക്ക് കാണാതെ പോകാനാവാതെ വരികയും ചെയ്തതോർക്കുക. എനിക്ക് തോന്നുന്നു അടുത്തകാലഘട്ടത്തിൽ കേരളത്തിൽ ഒരു മാധ്യമം നടത്തിയ സക്രിയമായ ഇടപെടലിന് ഉദാഹരണമാണ് ആലപ്പുഴ റിസോർട്ട് വിവാദവും അവസാനം അത് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിൽ കലാശിച്ചതും. അത് സർക്കാരിനുണ്ടാക്കിയ, മുഖ്യമന്ത്രിക്കുണ്ടാക്കിയ തലവേദന പറയേണ്ടതില്ലല്ലോ. അന്നും സിപിഎം ഏഷ്യാനെറ്റിനെ ലക്ഷ്യമിട്ടിരുന്നു എന്നത് മറന്നുകൂടാ. പ്രതികളെ പിടിച്ചില്ലെങ്കിലും ഏഷ്യാനെറ്റ് ആലപ്പുഴ ബ്യൂറോക്ക് നേരെയുണ്ടായ ആക്രമണവും മറ്റും മറക്കാവതല്ലല്ലോ. അതിനു പിന്നിൽ സിപിഎം ആണോ തോമസ് ചാണ്ടിയാണോ അതോ മറ്റാരെങ്കിലുമാണോ എന്നതൊക്കെ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ…… എന്നാൽ സംശയത്തിന്റെ നിഴലിൽ അനവധിപേരുണ്ട് . യഥാർഥ പ്രതികൾ നിയമത്തിന്റെ മുന്നിലെത്തുംവരെ സംശയങ്ങൾ തുടരുകയും ചെയ്യും. ഒരു പക്ഷെ, തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർ അതെ നാണയത്തിൽ ഏഷ്യാനെറ്റ് മുതലാളിയെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിരിക്കണം. അതാണല്ലോ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിൽ റിസോർട്ടിനെ സംബന്ധിച്ച വലിയ ആക്ഷേപങ്ങൾ പെട്ടെന്ന് ഉയർന്നുവന്നത്.
അങ്ങിനെ ഒരാക്ഷേപമുണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടതെന്താണ്…… സിപിഎമ്മിന്റെ സർക്കാരല്ലേ നാട് ഭരിക്കുന്നത്. അവർക്ക് നിയമാനുസൃതം നടപടിയെടുക്കാമല്ലോ. അതിനെ ആരെങ്കിലും തടഞ്ഞാൽ നിയമവഴി തേടുകയും ചെയ്യാം. എനിക്ക് തോന്നുന്നില്ല രാജീവ് ചന്ദ്രശേഖർ അറിഞ്ഞുകൊണ്ട് പൊതുസ്വത്ത് കൈയേറുമെന്ന്. അറിയാതെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്തിയാൽ തെറ്റ് തിരുത്താനും അദ്ദേഹത്തിന് ഒരു പ്രയാസവും ഉണ്ടാവാനിടയുമില്ല. അതാണ് അദ്ദേഹം പൊതുപ്രവർത്തകൻ എന്നനിലക്ക് കാണിച്ചിട്ടുള്ളത്. അതുതന്നെയാണ് അദ്ദേഹം ഇപ്പോഴും പറയുന്നതും. ഇവിടെ ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, സിപിഎംകാർ പോലും പറയുന്നത് എന്തോ ചില ചെറിയ വീഴ്ചകൾ ഉണ്ടായി എന്നാണ്. അതിനപ്പുറം ഒരു ആക്ഷേപം അവർക്കുപോലുമില്ല. അതാണ് പറഞ്ഞത് ഇതിപ്പോൾ വലിയ വാർത്തയാക്കിയതും കലാപത്തിന് ശ്രമിച്ചതുമൊക്കെ ചില പകരം വീട്ടലുകൾക്കാണ്…… തോമസ് ചാണ്ടി വിഷയത്തിൽ ചെയ്തതിന്, സിപിഎമ്മിന്റെ ജിഹ്വ ആവാത്തതിന് …… അതിനുള്ള മറുപടി രാജീവ് ചന്ദ്രശേഖർ നൽകിയിട്ടുണ്ട്….. ഇങ്ങനെയൊന്നും തന്നെ കീഴടക്കാമെന്ന് കരുതേണ്ട എന്ന് . എന്താണ് സിപിഎം നേടിയത് ഇപ്പോൾ…… വിവേകത്തോടെ സമാധാനപരമായി അതിന്റെ നേതാക്കൾ ഒന്നിരുന്ന് ചിന്തിക്കാൻ തയ്യാറാവുമോ?. കുറെ കോടികളുടെ നാശനഷ്ടമാണ് കുമരകത്ത് അവർ ഉണ്ടാക്കിയത് എന്നത് ചെറിയ കാര്യമല്ലല്ലോ.
രാജീവ് ചന്ദ്രശേഖറിന് സ്വന്തമായുള്ളത് ഏഷ്യാനെറ്റ് ന്യൂസ് മാത്രമല്ല. ഏഷ്യാനെറ്റ് ചാനലിൽ അദ്ദേഹം ഒരു പ്രധാന പങ്കാളിയാണ്. സാക്ഷാൽ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് എന്ന ഇന്ത്യയിലെ പ്രധാന ഇംഗ്ലീഷ് ന്യൂസ് ചാനലിന്റെ പിന്നിലെ പ്രധാനിയും അദ്ദേഹം തന്നെ. അതിനുപുറമെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന് ടിവി മാധ്യമങ്ങളുണ്ട്……. അത്തരത്തിലുള്ള ഒരാളെ കൂവി തോൽപ്പിക്കുന്നതുപോലെയല്ലേ ഇപ്പോൾ കുമരകത്ത് ചെയ്തത്. സാമാന്യ ബുദ്ധിയുണ്ടെങ്കിൽ അങ്ങിനെയൊക്കെ ആരെങ്കിലും ഇതുപോലുള്ള ഒരാൾക്ക് നേരെ ചെയ്യുമോ?.
തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തെയും നെൽവയൽ നികത്തലിനെയും ന്യായീകരിച്ചവരാണ് സിപിഎംകാർ. മറ്റൊരു ഇടത് എംഎൽഎ പരിസ്ഥിതി നശിപ്പിച്ചുകൊണ്ടു ചെയ്യുന്നതിനെയെല്ലാം സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്തത് ഇവരാണ്. മൂന്നാറിൽ പരിസ്ഥിതി ലോല മേഖലയിലെ കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ മുതിർന്ന സത്യസന്ധരും യുവാക്കളുമായി ഉദ്യോഗസ്ഥരെ ആക്ഷേപിച്ചവരും അപമാനിച്ചവരുമാണിവർ. അവരാണിപ്പോൾ ഇതിനൊക്കെ പുറപ്പെടുന്നത്. അത് കേരളം തിരിച്ചറിയും, സംശയമില്ല. ഈ വിഷയം ദേശീയ തലത്തിൽ തന്നെ ഉന്നയിക്കാൻ ബിജെപി തയ്യാറാവും എന്നാണ് ഞാൻ കരുതുന്നത്. അതിനുള്ള പ്രാധാന്യമത്തിനുണ്ട് എന്നതിൽ സംശയമില്ലല്ലോ.
Post Your Comments