Latest NewsNewsGulf

ദുബായില്‍ മദ്യത്തിന് വിലക്കില്ല : നിയമം തെറ്റിച്ചാല്‍ പക്ഷേ കാര്യങ്ങള്‍ മാറി മറിയും

ദുബായ് : ഓരോ രാജ്യത്തും നിയമം പല തരത്തിലാണ്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍. ഭൂരിഭാഗം എമിറേറ്റുകളിലും മദ്യം ഉപയോഗിക്കുന്നതിന് തടസമില്ലെങ്കിലും കൃത്യമായ നിയമം പാലിച്ചില്ലെങ്കില്‍ വലിയ തുകപിഴ നല്‍കുകയോ ജയില്‍ ശിക്ഷയോ അനുഭവിക്കേണ്ടി വരും. മദ്യം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ നിയമ വശങ്ങള്‍ പരിശോധിക്കാം:

പൊതുസ്ഥലത്ത് അരുത്

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് യുഎഇയില്‍ നിയമവിരുദ്ധമാണ്. തെരുവുകളിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ വച്ച് രണ്ടെണ്ണം അടിക്കാമെന്നു കരുതിയാല്‍ പണിയാകും. ലൈസന്‍സുള്ള റസ്റ്ററന്റിലും ഹോട്ടലുകളിലെ ബാറുകളിലുമാണ് മദ്യപിക്കാന്‍ അനുവാദം. മദ്യംവാങ്ങുന്നതിന് കൃത്യമായി ലൈസന്‍സ് ഉണ്ട്. ഇത്തരത്തില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മദ്യം വില്‍ക്കുന്ന കടയില്‍ നിന്ന് മദ്യം വാങ്ങാം. ലൈസന്‍സ് ഇല്ലാതെ മദ്യം ഉപയോഗിച്ചുവെന്ന് വ്യക്തമായാല്‍ പണികിട്ടും. മദ്യത്തിനുള്ള നിയന്ത്രണം യുഎഇയില്‍ താമസിക്കുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ഒരു പോലെയാണ്.

ഡ്രൈവിങ്ങും മദ്യവും ഒരുമിച്ച് വേണ്ട

മദ്യപിച്ചുകൊണ്ടോ മറ്റു ലഹരി ഉപയോഗിച്ചോ യുഎഇയില്‍ വാഹനമോടിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. മദ്യത്തിന്റെയോ ലഹരിയുടെ പുറത്ത് വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവറുടെ തീരുമാനങ്ങളും ശ്രദ്ധയും തെറ്റാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് നടപടി. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ദുബായിലുണ്ടാകുന്ന 14.33 ശതമാനം അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാര്‍ മദ്യപിക്കുന്നതാണെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ 2017 ജൂലൈ ഒന്നു മുതല്‍ പുതിയ ട്രാഫിക് നിയമവും നടപ്പിലാക്കി.

പൂസായി ഓടിച്ചാല്‍ പിഴ മാത്രമല്ല

മദ്യപിച്ച് വാഹനം ഓടിച്ചാലുള്ള ശിക്ഷ ചെറുതല്ല. പരമാവധി ശിക്ഷ 20,000 ദിര്‍ഹം പിഴയോ ജയില്‍ ശിക്ഷയോ ആണ്. കോടതിയാണ് തീരുമാനിക്കുക. 23 ബ്ലാക്ക് പോയിന്റ് ലഭിക്കും. 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഡ്രൈവറെ ആര്‍ട്ടിക്കിള്‍ 59.3 പ്രകാരംഅറസ്റ്റ് ചെയ്യുകയും ചെയ്‌തേക്കാം. ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസത്തില്‍ കുറയാതെയും രണ്ടുവര്‍ഷത്തില്‍ അധികമല്ലാതെയുംസസ്‌പെന്‍ഡ് ചെയ്‌തേക്കും. ഇതെല്ലാം കോടതിയുടെ തീരുമാനമാണ്. 1972ലെ യുഎഇ ആല്‍ക്കഹോള്‍ നിയമപ്രകാരം ആറു മാസം തടവ്, 5000 ദിര്‍ഹം പിഴ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് തുടങ്ങിയ ശിക്ഷയും ലഭിക്കും.

ജോലി സ്ഥലത്ത് വച്ച് മദ്യപിക്കുന്നത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. മദ്യപിക്കുന്ന വ്യക്തിയുടെ സഹപ്രവര്‍ത്തകര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണിത്. ജോലി സ്ഥലത്ത് മദ്യപിക്കുകയോ മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടിസ് പോലും നല്‍കാതെ തൊഴിലുടമയ്ക്ക് ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിടാം.

ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റ് വഴി വാങ്ങുന്ന മദ്യത്തിനും പരിധിയുണ്ട്. നാല് ലിറ്റര്‍ മദ്യം അല്ലെങ്കില്‍ 24 കാന്‍ ബിയര്‍ (ഒരു കാന്‍ 355 മില്ലിയില്‍ അധികം പാടില്ല) മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 18 വയസിന് മുകളിലുള്ളവര്‍ക്കു മാത്രമേ യുഎഇയില്‍ മദ്യമോ സിഗരറ്റോ വാങ്ങാനും കൊണ്ടുവരാനും അനുവാദമുള്ളൂ.

ദുബായില്‍ മദ്യത്തിന് എങ്ങനെ ലൈസന്‍സ് ലഭിക്കും?

മുസ്‌ലിം അല്ലാത്തവര്‍ക്ക് ദുബായില്‍ മദ്യം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാം. പക്ഷേ, അവര്‍ക്ക് 21 വയസ്സില്‍ കൂടുതല്‍ പ്രായവും റസിഡന്‍സ് വിസയും നിര്‍ബന്ധമാണ്. ഇസ്‌ലാം വിശ്വാസികള്‍ക്ക് മദ്യം ലഭിക്കില്ല. മാസവരുമാനം കുറഞ്ഞത് 3,000 ദിര്‍ഹത്തില്‍ അധികമായിരിക്കണമെന്നും നിര്‍ബന്ധമാണ്.

എങ്ങനെ അപേക്ഷിക്കാം?

മദ്യത്തിന്റെ ലൈസന്‍സിനായുള്ള ആപ്ലിക്കേഷന്‍ ഫോമുകള്‍ പല രാജ്യങ്ങളിലും ഓണ്‍ലൈനായി ലഭിക്കും. രാജ്യാന്തര മദ്യ കടകളുടെ
വെബ്‌സൈറ്റുകളിലും ഇവയുണ്ടാകും. ഹാര്‍ഡ് കോപ്പിയായും അപേക്ഷിക്കാവുന്നതാണ്. ഇതിനായി ചില രേഖകള്‍ ആവശ്യമാണ്. അവ
താഴെ പറയുന്നു

പാസ്‌പോര്‍ട്ടിന്റെ കോപ്പി, റസിഡന്റ് വിസ, താമസിക്കുന്നതിനുള്ള കോണ്‍ട്രാക്ട്.

മന്ത്രാലയം അനുവദിച്ച ലേബര്‍ കോണ്‍ട്രാക്ടിന്റെ കോപ്പി (അറബിയിും ഇംഗ്ലീഷിലും)

ശമ്പള സര്‍ട്ടിഫിക്കറ്റ്

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

ഫീസ് ഇനത്തില്‍ 270 ദിര്‍ഹം

സാധാരണ ഗതിയില്‍ രണ്ടാഴ്ചയാണ് പുതിയ ലൈസന്‍സിന്റെ അപേക്ഷയുടെ നടപടി സമയം.

ജോലി ചെയ്യുന്ന കമ്പനി വഴിയാണ് ലൈസന്‍സ് വേണ്ടതെങ്കില്‍ തൊഴില്‍ ഉടമയുടെയും അപേക്ഷകന്റെയും ഒപ്പും സീലും വേണം.

ഫ്രീസോണിലാണ് ജോലി ചെയ്യുന്നതെങ്കിലും കമ്പനിയുടെ അനുമതി ആവശ്യമാണ്. ഫ്രീസോണ്‍ അതോറിറ്റിയുടെ അനുമതിയാണ് വേണ്ടത്.

സ്വന്തം നിലയ്ക്ക് ജോലി ചെയ്യുന്നവര്‍ ആണെങ്കില്‍ ട്രേഡ് ലൈസന്‍സിന്റെ കോപ്പി നല്‍കണം.

ദമ്പതികള്‍ ആണ് ലൈസന്‍സിന് ശ്രമിക്കുന്നതെങ്കില്‍ ഭര്‍ത്താവിന് മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കൂ. ഭര്‍ത്താവില്‍ നിന്നും എന്‍ഒസി ലഭിച്ചാല്‍ മാത്രമേ ഭാര്യയ്ക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുക.

ഒറ്റയ്ക്കുള്ള സ്ത്രീകള്‍ക്ക് മദ്യത്തിനുള്ള ലൈസന്‍സിനായി അപേക്ഷിക്കാം. ഒരു വര്‍ഷമായിരിക്കും ഇതിന്റെ കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button