ന്യൂഡല്‍ഹി: ക്രൂയിസ് മിസൈലായ ബ്രഹ്മോസ് സുഖോയ് വിമാനത്തില്‍ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.ശബ്ദത്തേക്കാള്‍ വേഗത്തില്‍ സുഖോയ് വിമാനത്തില്‍ നിന്ന് പാഞ്ഞടുക്കുന്ന ബ്രഹ്മോസ് മിസൈലുകളേറ്റ് ശത്രുപക്ഷത്തെ യുദ്ധക്കപ്പലുകളും വിമാനങ്ങളും എരിഞ്ഞടങ്ങും. ഇത്രയും വേഗതയുള്ള മിസൈല്‍ വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന ലോകത്തെ ആദ്യ രാജ്യമെന്ന വിശേഷണം ഇനി ഇന്ത്യക്കു സ്വന്തം. മണിക്കൂറില്‍ 3,700 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ വേഗത.
ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ഈ മിസൈല്‍ ഡീപ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനും തയാറായി എന്നാണ് ഈ നേട്ടത്തെക്കുറിച്ച് സൈന്യത്തിന്റെ വിശദീകരണം.സുഖോയ് വിമാനത്തില്‍ നിന്ന് വിഷേപിച്ച ബ്രഹ്മോസ് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യം കൃത്യമായി തകര്‍ത്തു. പരീക്ഷണം വിജയമായതോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മിസൈല്‍ വ്യോമസേനയുടെ ഭാഗമാകും. വ്യോമസേനയുടെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നതാണ് ബ്രഹ്മോസ്- സുഖോയ് യോജിച്ചുള്ള പ്രവര്‍ത്തനമെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിക്കുന്നു.
സുഖോയ് വിമാനങ്ങളില്‍ നിന്ന് ഇത്രയേറെ ഭാരമുള്ള മിസൈല്‍ വിക്ഷേപിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞതോടെ വ്യോമസേനയുടെ കരുത്ത് കൂടി. ആകാശത്തില്‍ നിന്ന്, കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള യുദ്ധക്കപ്പലുകളെ നൊടിയിടകൊണ്ട് തകര്‍ക്കാന്‍ വ്യോമസേനയ്ക്ക് ഇനി സാധിക്കും. കൂടിയ വേഗതയായതിനാല്‍ ഭൂതല-ആകാശ മിസൈലുകള്‍ കൊണ്ട് ബ്രഹ്മോസിനെ പ്രതിരോധിക്കുക എളുപ്പമല്ല. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു പരീക്ഷണം.
വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും പങ്കാളികളായി. വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണ് ബ്രഹ്മോസിന്റെ പ്രധാനഗുണം.
Post Your Comments