ചെന്നൈ: സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ച് പിടിയിലായ മലയാളി ഐ.പി.എസുകാരൻ സഫീർ കരീമിന് ജാമ്യം അനുവദിച്ചു. ഇയാൾക്ക് കർശന ഉപാധികളോടെയാണ് ചെന്നൈ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, രാവിലെയും വൈകുന്നേരവും കേസ് അന്വേഷിക്കുന്ന സി.ബി.സി.ഐ.ഡി ഓഫീസിലെത്തി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഏത് സമയത്തും ഹാജരാകണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.
സെപ്‌തംബർ 30നാണ് ചെന്നൈ പ്രസിഡൻസി ഗേൾസ് ഹൈസ്‌ക്കൂളിൽ നടന്ന പരീക്ഷയ്‌ക്കിടെ ഇന്റലിജൻസ് സംഘം ഇയാളെ പിടികൂടിയത്. ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച കാമറയിലൂടെ ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത്, ജി-മെയിലിലെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഹൈദരാബാദിലുള്ള ഭാര്യ ജോയ്‌സി ജോയിക്ക് അയച്ചുകൊടുക്കുകയും തുടർന്ന് ബ്ലൂടൂത്തിലൂടെ ഉത്തരങ്ങൾ കേട്ട് എഴുതുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഫീറിന്റെ ഭാര്യ ജോയ്സിയെയും രണ്ട് സുഹൃത്തുക്കളെയും അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ജോയ്‌സിക്ക് കോടതി ജാമ്യം അനുവദിച്ചു.
Post Your Comments