പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കു നിലവില്‍ നാലു ലക്ഷം രൂപ വരെയാണു നല്‍കുന്നത്. മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള, ഭവനരഹിതരായവര്‍ക്കായാണു പദ്ധതി.
ആറു ലക്ഷത്തോളം പേര്‍ക്ക്
സര്‍ക്കാര്‍ പഠനത്തില്‍ 3.5 ലക്ഷം കുടുംബങ്ങള്‍ക്കു ഭൂമിയോ വീടോ ഇല്ല. സ്ഥലമുണ്ടെങ്കിലും വീടില്ലാത്തവര്‍ രണ്ടു ലക്ഷത്തോളം വരും. അതിനു പുറമേ മുന്‍കാലത്ത് ഭവനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടും വീടുപണി പൂര്‍ത്തീകരിക്കാനാകാത്ത 56,000 കുടുംബങ്ങളുമുണ്ട്. ഇത്തരത്തില്‍ ആറു ലക്ഷത്തോളം കുടുംബങ്ങള്‍ക്കു വീട് ഉറപ്പാക്കാനായി ആണ് സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ എന്ന പേരില്‍ ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നു. ഇതില്‍ പൂര്‍ത്തിയാക്കാത്ത വീടുകള്‍ 2018 മാര്‍ച്ചിനകം പൂര്‍ത്തിയാക്കും. ബാക്കി അഞ്ചു ലക്ഷത്തോളം പേര്‍ക്കു വീടുവച്ചു നല്‍കുന്ന പദ്ധതിയുടെ അന്തിമ പട്ടിക മാര്‍ച്ചിനകം പൂര്‍ത്തിയാക്കാനും അടുത്ത സാമ്പത്തികവര്‍ഷം പദ്ധതി നടപ്പിലാക്കാനുമാണു ലക്ഷ്യമിടുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ ലൈഫ് മിഷന്‍ നടത്തിയ സര്‍വേ പ്രകാരം അര്‍ഹരായവരുടെ പട്ടിക തയാറാക്കി. പ്രാദേശിക തലത്തില്‍ പരാതി കേട്ട് പട്ടിക പുതുക്കി. ഇതു കലക്ടര്‍ വിലയിരുത്തി, ജില്ലാ അടിസ്ഥാനത്തില്‍ അന്തിമ പട്ടിക തയാറാക്കുന്ന ജോലി അവസാന ഘട്ടത്തിലാണ്. നവംബര്‍ ആദ്യം പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നിങ്ങള്‍ക്കു കിട്ടുമോ?
ഓരോ പദ്ധതിയുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ച് നിങ്ങള്‍ക്ക് ഇതില്‍ ഏതിനെങ്കിലും അര്‍ഹതയുണ്ടോ എന്ന് അറിയുക. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഉറപ്പാക്കണം. ഇല്ലെങ്കില്‍ ഒട്ടും വൈകാതെ നിങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനമായോ കുടുംബശ്രീയുമായോ ബന്ധപ്പെടുക. ഒട്ടും വൈകരുത്.
വിവിധ വിഭാഗങ്ങള്‍ക്ക് ആനുകൂല്യം കിട്ടും
സ്ഥലം ഉള്ളവര്‍ക്ക്- വീടു വയ്ക്കാന്‍ നാലു ലക്ഷം രൂപ വരെ
സ്ഥലമില്ലാത്തവര്‍ക്ക് – അനുയോജ്യമായ സ്ഥലം കണ്ടെത്തി ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കും. 14 ജില്ലകളിലും ഓരോ ഫ്‌ളാറ്റ് സമുച്ചയമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. .
വീട് പൂര്‍ത്തീകരിക്കാന്‍
മുന്‍കാല ഭവനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ വീടു പണി തീര്‍ക്കാന്‍ സാധിക്കാത്ത കുടുംബമാണോ? എങ്കില്‍ അതു പൂര്‍ത്തീകരിക്കാന്‍ ഇതിലും മികച്ച അവസരം ഇനി കിട്ടില്ല. ഈ വിഭാഗത്തില്‍ പെട്ട 56,000 പേരുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. അവര്‍ക്ക് അധിക ധനസഹായം നല്‍കി 2018 മാര്‍ച്ചിനകം പണി പൂര്‍ത്തീകരിക്കും.
ഇനിയെത്ര കിട്ടും
മുന്‍പദ്ധതി ഏതായാലും അതില്‍ എത്ര ശതമാനം വിഹിതം കൈപ്പറ്റിയെന്നത് അടിസ്ഥാനമാക്കിയാണ് അധിക തുക നല്‍കുക. ഉദാഹരണത്തിന്, പഴയ പദ്ധതിയില്‍ രണ്ടു ലക്ഷം ആയിരുന്നു ധനസഹായം എന്നിരിക്കട്ടെ. അതില്‍ 50% കൈപ്പറ്റിയ ആള്‍ക്ക് ഇനി ബാക്കി 50% കൂടി നല്‍കും. പക്ഷേ, ഇവിടെ പുതിയ പദ്ധതിയിലെ നാലു ലക്ഷത്തിന്റെ 50% അനുവദിക്കും. അതായത്, ഇനി രണ്ടു ലക്ഷം രൂപ കൂടി കിട്ടും പണി പൂര്‍ത്തിയാക്കാന്‍.
മുന്‍പദ്ധതിയിലെ 100% വിഹിതവും കൈപ്പറ്റിയിട്ടും പണി പൂര്‍ത്തിയാക്കാത്തവരുടെ കേസ് പ്രത്യേകം പരിഗണിക്കും.ന്യായമായ കാരണങ്ങളാലാണു പണി പൂര്‍ത്തീകരിക്കാത്തതെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളടങ്ങുന്ന കമ്മറ്റിക്ക് അധിക തുക അനുവദിക്കാന്‍ അവകാശമുണ്ട്.
സ്വന്തമായി പണിയാനാകാത്തവര്‍ക്ക്
പണം നല്‍കിയാലും അതുകൊണ്ട് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ക്കു സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വീടു പണിതു നല്‍കും. വയോജനങ്ങള്‍, വിധവകള്‍, ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഉള്ളവര്‍, രോഗബാധിതര്‍, സ്ത്രീകള്‍ ഗൃഹനാഥകളായ കുടുംബങ്ങള്‍ എന്നിവരെയാണ് ഇതില്‍ പരിഗണിക്കുക. പട്ടിക വര്‍ഗക്കാര്‍ക്ക് യഥാര്‍ഥ നിര്‍മാണച്ചെലവ് അനുവദിക്കും
കൂടുതല്‍ അവസരങ്ങള്‍
നിലവില്‍ ലഭ്യമായവയ്ക്കു പുറമേ ഇടത്തരക്കാര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഇനിയും വരുമെന്നു പ്രതീക്ഷിക്കാം. കാരണം പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായ അഫോര്‍ഡബിള്‍ ഹൗസിങ് സ്‌കീമിന്റെ സാധ്യതകള്‍ കേരളത്തില്‍ ഇപ്പോള്‍ ലഭ്യമല്ല.
അഫോര്‍ഡബിള്‍ ഹൗസിങ്
സ്വന്തമായി ഭുമിയില്ലാത്തവര്‍ക്കും വീടുറപ്പാക്കാനായുള്ള പദ്ധതിയാണിത്. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡല്‍) വീടുവച്ചു നല്‍കുക എന്നതാണു ലക്ഷ്യം. സ്വകാര്യ സ്ഥാപനം (ബില്‍ഡര്‍മാര്‍) ചട്ടങ്ങള്‍ പാലിച്ചു ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചു ലഭ്യമാക്കും. ഇതു വാങ്ങുന്ന ഓരോരുത്തര്‍ക്കും നിശ്ചിത തുക വീതം സര്‍ക്കാര്‍ അനുവദിക്കും. ഭവനവായ്പ എടുക്കുന്നവര്‍ക്ക് രണ്ടര ലക്ഷവും സ്വന്തം പണം മുടക്കി വാങ്ങുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപയുമാണ് അനുവദിക്കുക.
ഭൂമിയുടെ ലഭ്യതക്കുറവും, ഉയര്‍ന്ന വിലയും മൂലം നിലവില്‍ കേരളത്തിലെ ഡവലപ്പര്‍മാര്‍ ഇത്തരം പദ്ധതിയുമായി ഇനിയും മുന്നോട്ടു വന്നിട്ടില്ല. വരും വര്‍ഷങ്ങളില്‍ അതുണ്ടാകും എന്നു പ്രതീക്ഷിക്കാം. നിലവിലെ പദ്ധതികള്‍ ഉപയോഗപ്പെടുത്താനാകാത്തവര്‍ക്ക് അന്നു അവസരം കിട്ടുമെന്നും കരുതാം.
Post Your Comments