ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയവയാണ്. ദീര്‍ഘദൂരയാത്രകളോ മറ്റോ ആണെങ്കില്‍ പറയുകയും വേണ്ട. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ നാപ്കിന്‍ പാഡുകളാണ് ഈ ദിവസങ്ങളില്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ നാപ്കിന്‍ പാഡുകള്‍ക്ക് വളരെയേറെ ന്യൂനതകളുണ്ട്. പലതവണ അത് മാറ്റണം, ദീര്‍ഘനേരമുള്ള ഉപയോഗം അണുബാധയുണ്ടാക്കും, പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷമാണെങ്കില്‍ പറയുകയും വേണ്ട.
പാശ്ചാത്യനാടുകളില്‍ ഉള്‍പ്പടെ നാപ്കിന്‍ പാഡുകള്‍ക്ക് പകരം മറ്റുചില കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രചാരം. യോനിയിലേക്ക് കടത്തിവെക്കാവുന്ന സാനിറ്ററി ടാംപൂണ്‍, മെന്‍സ്ട്രല്‍ കപ്പ് എന്നിവ പോലെയുള്ള നാപ്കിന്‍ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലഭ്യമാണ്. അവയുടെ ഗുണങ്ങളും പ്രവര്‍ത്തനരീതികളും നോക്കാം…
മെന്‍സ്ട്രല്‍ കപ്പ്
അമിതമായ രക്തസ്രാവമുള്ള ദിവസങ്ങളില്‍ ദീര്‍ഘദൂരയാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് പാഡു മാറ്റുന്നത് ശരിക്കും ദുഷ്‌ക്കരമായ കാര്യമാണ്. അത്തരക്കാര്‍ക്ക് ഏറെ ഗുണകരമായ ഒന്നാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. ഇത് ഒരിക്കല്‍ ഉപയോഗിച്ച് കളയേണ്ടിവരില്ല. അഞ്ചു വര്‍ഷം വരെ ഒരു കപ്പ് ഉപയോഗിക്കാനാകും. പാഡുകള്‍ വലിച്ചെടുക്കുന്നതിന്റെ ഇരട്ടിയോളം രക്തം മെന്‍സ്ട്രല്‍ കപ്പ് ശേഖരിക്കും. തുടര്‍ച്ചയായി 12 മണിക്കൂര്‍ വരെ ഉപയോഗിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. അമിതരക്തസ്രാവമുള്ളപ്പോഴും യാത്രകളിലും പാഡുകളേക്കാള്‍ ഗുണകരം കപ്പുകളാണ്. പാഡുകള്‍ വെക്കുമ്പോഴുള്ള ദുര്‍ഗന്ധവും ഇതിനില്ല. കൂടാതെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നുമില്ല. പാശ്ചാത്യനാടുകളില്‍ പതിറ്റാണ്ടുകളായി പ്രചാരത്തിലുണ്ടായിരുന്നെങ്കിലും നമ്മുടെ നാട്ടില്‍ ഈ അടുത്ത കാലം മുതലാണ് കപ്പുകള്‍ ലഭ്യമായി തുടങ്ങിയത്.
പ്രധാനമായും മെഡിക്കല്‍ ഗ്രേഡ് സിലിക്കണില്‍ നിര്‍മ്മിക്കുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് നിര്‍മ്മാണസാമഗ്രിയുടെ നിലവാരത്തിന് അനുസരിച്ച് 400 രൂപ മുതലാണ് വില. പ്രധാനമായും കേരളത്തിലെ പ്രമുഖ നഗരങ്ങളിലും ബംഗളുരുവിലുമൊക്കെ ഇതിന് ആവശ്യക്കാര്‍ കൂടുതലാണ്. നിലവില്‍ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ലഭ്യമല്ലെങ്കിലും, ഓണ്‍ലൈന്‍ വഴി മെന്‍സ്ട്രല്‍ കപ്പുകള്‍ വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. മുഖ്യമായും പുതുതലമുറ പാഡ് ഉപേക്ഷിച്ച് മെന്‍സ്ട്രല്‍ കപ്പുകളിലേക്ക് മാറുന്നുണ്ട്. ഒരു ആര്‍ത്തവകാലം പിന്നിടുമ്പോ ഇത് നല്ലരീതിയില്‍ അണുവിമുക്തമാക്കി സൂക്ഷിച്ചുവേണം അടുത്ത ആര്‍ത്തവകാലത്ത് ഉപയോഗിക്കേണ്ടത്.
സാനിട്ടറി ടാംപൂണ്‍
സാനിട്ടറി പാഡും മെന്‍സ്ട്രല്‍ കപ്പുമല്ലാതെ പൊതുവെ സ്ത്രീകള്‍ ഉപയോഗിച്ചുവരുന്ന ഒന്നാണിത്. യോനിയ്ക്ക് ഉള്ളിലേക്ക് കടത്തിവെക്കാവുന്ന രീതിയിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആര്‍ത്തവരക്തം ഒഴിവാക്കുകയും നനവ് ഇല്ലാതാക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. പാഡുകളെ അപേക്ഷിച്ച് കൂടുതല്‍ സമയം ഉപയോഗിക്കാനാകും. അതേസമയം ചിലരിലെങ്കിലും ഇത് അണുബാധയ്ക്ക് കാരണമാകുമെന്ന് അനുഭവസ്ഥര്‍ പറയുന്നുണ്ട്. പ്രധാന നഗരങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാകുന്ന സാനിട്ടറി ടാംപൂണിന് 150 രൂപ മുതലാണ് വില.
Post Your Comments