കൊല്‍ക്കത്ത: ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു പേരെ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പോലീസിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് (എസ്ടിഎഫ്) പ്രതികളെ പിടികൂടിയത്. എങ്ങനെയാണ് ബോംബുകളും മറ്റും നിര്‍മിക്കുന്നത് എന്നതിനെക്കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങളും ലാപ്ടോപ്പുകളും അല്‍ഖ്വെയ്ദ അനുകൂല പുസ്തകങ്ങളും സംസ്ഥാനത്തെ കെമിക്കല്‍ സ്റ്റോറുകളുടെ വിസിറ്റിങ് കാര്‍ഡുകളും ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു.
ചൊവ്വാഴ്ച്ച ഉച്ചയോടെ കൊല്‍ക്ക റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യുറോ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു പേരില്‍ രണ്ടു പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ഷംസാദ് മിലന്‍ (26) എന്ന തുഷാര്‍ ബിശ്വാസ്, റിയാസുല്‍ ഇസ്ലാം (25), മൊണോടോഷ് ഡേയ് (46) എന്നിവരാണ് അറസ്റ്റിലായത്. സിവില്‍ എഞ്ചിനിയര്‍ കൂടിയായ ഷംസാദ് മിലാനും റിയാസുല്‍ ഇസ്ലാമുമാണ് ബംഗ്ലാദേശ് സ്വദേശികള്‍.
ബംഗ്ലാദേശില്‍ നിരോധിച്ച അന്‍സര്‍ ബംഗ്ല എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കൂടിയാണ് ഇരുവരും. പിടിയിലായവരില്‍ മൂന്നാമനായ മൊണോടോഷ് നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ നിന്നുള്ളയാളാണ്. വ്യാജ ആധാര്‍ കാര്‍ഡുകള്‍ ബംഗ്ലാദേശ് സ്വദേശിയായ ഷംസാദ് നിര്‍മിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഷംസാദും റിയാസും ഇന്ത്യയിലാണ് കഴിഞ്ഞിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments